രതീഷ് കൃഷ്ണ: കൊച്ചു റബ്ബി

edited December 2023 in Releases

പ്രിയരേ,

രതീഷ് കൃഷ്ണയുടെ കൊച്ചു റബ്ബി എന്ന കവിതയാണു് ഇന്നു് പ്രസിദ്ധീകരിക്കുന്നതു്.

നല്ലകൃതികളുടെ കർത്താക്കളെ വായനക്കാർക്കു് നേരിട്ടു് ഇടനിലക്കാരില്ലാതെ സഹായിക്കാൻ കഴിയുമോ എന്നൊരു ചോദ്യം 2023-ലെ സായാഹ്ന സ്വതന്ത്രപ്രകാശന സെമിനാറിൽ പങ്കെടുത്ത എഴുത്തുകാരിൽ നിന്നും ഉയർന്നുവരികയുണ്ടായി. ഈ അഭിപ്രായം നടപ്പിലാക്കാനുള്ള ഒരു ശ്രമമാണു് രതീഷ് കൃഷ്ണന്റെ കവിതയുടെ ഇന്നത്തെ പ്രസിദ്ധീകരണത്തിലൂടെ സായാഹ്ന ശ്രമിക്കുന്നതു്.

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ രതീഷ് കൃഷ്ണയുടെ ജീവചരിത്രക്കുറിപ്പോടൊപ്പം ചേർത്തിട്ടുള്ള ക്യൂആർ കോഡ് വഴി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർ‌ഷിക്കുകയും ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ പിന്തുണയ്ക്കുകയും ചെയ്യുക. ആയിരക്കണക്കിനു് വായനക്കാർ ചെറുതുകകൾ നൽകി ഈ പരീക്ഷണത്തെ വിജയിപ്പിച്ചാലും.

HTML: https://sayahna.net/ratheesh-rabbi-html
XML: https://sayahna.net/ratheesh-rabbi-xml
PDF: https://sayahna.net/ratheesh-rabbi

Comments

  • edited December 2023
    രതീഷ് കൃഷ്ണ ഫേസ്‌ബുക്കിൽ:

    🌺 മാരി സെൽവരാജിന്റെ കർണൻ എന്ന തമിഴ് സിനിമയിൽ മറക്കാനാവാത്ത ഒരു രംഗമുണ്ട്. കുടുംബം ദാരിദ്ര്യത്തിന്റെ മുനമ്പിൽ നിൽക്കുമ്പോൾ മരിച്ചുപോയ ഒരു പെൺകുട്ടി അവളുടെ സമ്പാദ്യം - അവൾ ശേഖരിച്ചുവെച്ച കുറച്ചു ചില്ലറ നാണയങ്ങൾ - വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്നതാണ് അത്. ഞങ്ങളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. മഞ്ഞുകാലത്ത് പശുക്കൾ മരിച്ചു വീണപ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരുന്നു. എനിക്ക് നഗരത്തിലേക്ക് തൊഴിൽ തേടി പോകേണ്ടി വന്നു... സായാഹ്‌നയിൽ കൊച്ചുറബി എന്ന കവിത പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ സത്യത്തിൽ അതാണ് സംഭവിച്ചത്. മരിച്ചുപോയിട്ടും അവളുടെ സ്നേഹം നിലയ്ക്കുന്നില്ല!

    ഒരു കവിത വായിച്ച് വായനക്കാർ നേരിട്ട് അവരുടെ കൈയിലെ ഒരു തുക എഴുത്തുകാരന് നൽകുക എന്ന സങ്കല്പം ഇതുവരെ എനിക്ക് ചിന്തിക്കുവാൻ പോലും കഴിയാത്തതാണ്. എന്നാൽ സായാഹ്ന അത് ഇന്ന് സാധ്യമാക്കിയിരിക്കുന്നു.

    ഒരു ഗ്രാമീണ കവി മാത്രമാണ് ഞാൻ. ഒരു പിന്തുടർച്ചവകാശവും ഇല്ലാത്ത കവിതകളുമാണ് എന്റെത്. പ്രശസ്തനുമല്ല. എന്നിട്ടും അവർ ആവേശത്തോടെ അത് വായിക്കുന്നു. അവർക്ക് ഒരു ദിവസം മറ്റൊരാളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും വലിയ തുകതന്നെ കൊച്ചു റബ്ബിക്കായി മാറ്റിവയ്ക്കുന്നു. കുറേ വായനക്കാർ കുറച്ചു രൂപ വച്ച് തരുമ്പോൾ എന്റെ കയ്യിൽ നിറയെ പണമാകുമല്ലോ എന്ന് മാർക്സിം ഗോർക്കിയുടെ ഒരു കഥാപാത്രത്തെ പോലെ കരുതിയിരുന്ന ഞാൻ, ഇപ്പോൾ അവരുടെ സ്നേഹത്തിനു മുന്നിൽ മിഴിച്ചിരിക്കുന്നു!

    സായാഹ്ന ചെയ്തുകൊണ്ടിരിക്കുന്ന വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലം കൂടിയാണിത്. സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർ‌ഷിക്കുകയും ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ പിന്തുണയ്ക്കുകയും ചെയ്യുക എന്ന അവരുടെ ആശയത്തിന്റെ പങ്കാളിത്തമായി ഞാൻ ഇതിനെ കാണുന്നു.

    നന്ദി ടീം സായാഹ്ന.
    നന്ദി സഹൃദയരേ...
Sign In or Register to comment.