കരുണ ഫോണ്ട്

edited August 2022 in Releases






മലയാളത്തിന്റെ ടൈറ്റിലിംഗിലും കവർ ഡിസൈനിംഗിലും സി.എൻ. കരുണാകരൻ ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ കൊണ്ടുവന്ന മാറ്റം വിപ്ലവാത്മകമായിരുന്നു. എ.എസ്.-ന്റെയും നമ്പൂതിരിയുടെയും സമകാലീനനായിരിക്കുമ്പോൾ തന്നെ ചിത്രീകരണങ്ങളിലും അക്ഷര രൂപകല്പനയിലും കരുണാകരൻ പൂർവ്വഗാമികളിൽ നിന്നു വ്യക്തമായ അകലവും വ്യത്യസ്തതയും പുലർത്തി.

അരനൂറ്റാണ്ടിനു ശേഷം നാരായണ ഭട്ടതിരി കരുണ ഡിസൈൻ ചെയ്യുമ്പോൾ വെറുമൊരു പകർത്തലല്ലാതായി അതു് മാറുന്നുണ്ട്. കരുണാകരൻ മലയാള അക്ഷരങ്ങളിൽ കാണിച്ച അതേ സ്വാതന്ത്ര്യം കരുണാകരന്റെ അക്ഷരങ്ങളിൽ ഭട്ടതിരിയും എടുക്കുന്നു. മലയാളം ടൈപോഗ്രഫിയിലെ ഏറ്റവും യുണീക് ആയ ഫോണ്ടായി കരുണ മാറുകയാണ്. ഇന്നിപ്പോൾ ആസ്കിയിലും യൂണികോഡിലും ഉപയോഗത്തിലുള്ള മറ്റെല്ലാ ഫോണ്ടുകൾക്കും മലയാളത്തിലും റോമനിലുമൊക്കെ ചാർച്ചകൾ കണ്ടെത്താൻ കഴിയും. കരുണയ്ക്കു കഴിയില്ല.

1977-ൽ തടവറക്കവിതകൾക്കു വേണ്ടി കരുണാകരൻ ഡിസൈൻ ചെയ്ത പുറം ചട്ടയിൽ കരുണാകരന്റെ കാലിഗ്രാഫിയുടെ പ്രത്യേകതകൾ ദർശിക്കാൻ കഴിയും. അടിയന്തിരാവസ്ഥയിൽ കൊടിയ മർദ്ദനങ്ങൾക്കിരയായി തടവറയിൽ കിടന്നു് നക്സലൈറ്റുകൾ എഴുതിയ കവിതകളുടെ സമാഹാരമായിരുന്നു ആ പുസ്തകം. അടിയന്തിരാവസ്ഥയുടെ നൃശംസതകൾ ആ കവർ ചിത്രത്തിലെ അക്ഷരങ്ങളിൽ വിറങ്ങലിപ്പായി നിഴലിക്കുന്നു. കരുണ ഫോണ്ട് അതിന്റെയൊരു പകർന്നാട്ടമായി മാറുന്നു.

ഡൗണ്‍ലോഡ് കണ്ണി: https://sayahna.net/karuna
Sign In or Register to comment.