ഋഗ്വേദസംഹിത ഭാഗം 1

edited May 2021 in Releases


പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുർ‌വേദങ്ങളിൽ ആദ്യത്തേതായ ഋഗ്വേദത്തിൽ ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികൾ തുടങ്ങി സോമരസം എന്ന പാനീയത്തിന്റെ നിർമ്മിതിയെക്കുറിച്ചുള്ള പരാമർശം വരെ ഉണ്ടെന്നാണു് പറയപ്പെടുന്നതു്.

വള്ളത്തോളിന്റെ ഋഗ്വേദസംഹിത മലയാളത്തിൽ ഋഗ്വേദത്തിനു് പദ്യരൂപത്തിലുള്ള പരിഭാഷയാണു്. നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിലെ മിക്കവാറും എല്ലാ സൂക്തങ്ങൾക്കും സി ഗോവിന്ദക്കുറുപ്പു് എഴുതിയ വ്യഖ്യാനവുമുണ്ടു്. ഇതടക്കമുള്ള ആദ്യ ഭാഗത്തിന്റെ (അഷ്ടകങ്ങൾ: 2; അദ്ധ്യായങ്ങൾ: 13; മണ്ഡലങ്ങൾ: 1; അനുവാകങ്ങൾ: 24; സൂക്തങ്ങൾ: 191; പുറങ്ങൾ: 435; വലിപ്പം: 2.MB) പിഡിഎഫ് ആണു് സായാഹ്ന ഇന്നു വായനക്കാർക്കു് സമ്മാനിക്കുന്നതു്. ഇതു് അന്തിമരൂപമല്ല, മറിച്ചു് അന്തിമരൂപത്തിൽ പ്രസാധനം ചെയ്യും മുമ്പു് വായനക്കാരുടെ നിർദ്ദേശങ്ങൾക്കായാണു് ഈ പതിപ്പു് ഇപ്പോൾ റിലീസ് ചെയ്യുന്നതു്.

മൂലത്തിൽ നിന്നും വിന്യാസബന്ധിയായ ചില വ്യതിയാനങ്ങൾ സുഗമമായ വായനയെ ഉദ്ദേശിച്ചു് വരുത്തിയിട്ടുണ്ടു്:
  1. മൂലത്തിൽ നിന്നു വ്യത്യസ്ഥമായി ഓരോ സൂക്തവും പുതിയ താളിലാണു് തുടങ്ങുന്നതു്.
  2. മൂലത്തിൽ സൂക്തങ്ങളുടെ പാഠം തുടങ്ങുന്നതു് "സൂക്തം <നമ്പ്ര>" എന്ന ശീർഷകത്തോടുകൂടിയാണു്. അതുപോലെ തന്നെ വ്യാഖ്യാനങ്ങൾ തുടങ്ങുന്നതും അതേ ശീർഷകം ആവർത്തിച്ചുകൊണ്ടാണു്. സായാഹ്ന പതിപ്പിൽ, രണ്ടാമത്തെ ശീർഷകത്തെ "കുറിപ്പുകൾ: സൂക്തം <നമ്പ്ര>" എന്നു മാറ്റിയിട്ടുണ്ടു്, കൂടാതെ കുറിപ്പുകൾ വിന്യസിച്ചിരിക്കുന്നതു് ഒരു പോയന്റ് കുറഞ്ഞ ഫോണ്ടു് (രചന) ഉപയോഗിച്ചാണു്.
  3. അഷ്ടകം, അദ്ധ്യായം, മണ്ഡലം എന്നിവയിലൊന്നിന്റേയോ പലതിന്റേയോ നമ്പറുകൾ മാറുകയാണെങ്കിൽ ഒരു മുഴുവൻ പേജിൽ വ്യാപിച്ചുകിടക്കുന്ന രീതിയിൽ വിവിധ ഖണ്ഡങ്ങളുടെ തൽസ്ഥിതി കാണിച്ചിട്ടുണ്ടു്.
ഈ മാറ്റങ്ങൾ വായനയെ കൂടുതൽ എളുപ്പമാക്കുമെന്നു കരുതുന്നു. വായനക്കാരുടെ നിർദ്ദേശങ്ങൾ എപ്പോഴും സ്വാഗതം.

ഡൗൺലോഡ് കണ്ണി: http://books.sayahna.org/ml/pdf/rgveda-samhita-web-1.pdf
Sign In or Register to comment.