ഫോറം?

KGS ഫേസ്ബുക്കിൽ:
വാട്ട്സാപ്പിന്റെ ഒരു മഹാസാധ്യതയായിരുന്നു സായാഹ്ന. അതായിരുന്നു അന്നത്തെ ഉദയം. എഴുത്ത്. വായന. ചിത്രം. പ്രതികരണം. അതേപടി അത് തിരിച്ചുവന്നെങ്കിലെന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്.. CVR, Asokan,.. സായാഹ്നയിലെ എല്ലാ മിത്രങ്ങൾക്കും സ്തുതിയായിരിക്കട്ടെ.

ഷാജി അരിക്കാടു് ഫേസ്ബുക്കിൽ:
ടെലിഗ്രാം/വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴിയായും ഇമെയിലിലൂടെയും ഇവ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിൽ കൂടുതൽ നന്നായിരിക്കും എന്നു തോന്നുന്നു.

Comments

  • ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ ഉപയോഗിച്ചു് ഉള്ളടക്കം വായനക്കാരിലെത്തിക്കുക എന്നതാണു് സായാഹ്നയുടെ നയം. മെസഞ്ചർ ആപ്ലിക്കേഷൻ അല്ല ഇന്റർനെറ്റ് എന്നതു് മാന്യവായനക്കാർ തിരിച്ചറിയും എന്നു് ഞാൻ കരുതുന്നു. ഇന്റർനെറ്റ് യുഗത്തിൽ നമുക്കു് ആകെയുള്ളതു് നമ്മുടെ സ്വകാര്യ വിവരങ്ങൾ മാത്രമാണു്. മനുഷ്യസഹജമായ അലസതയെ മുതലാക്കി മെസഞ്ചർ ആപ്ലിക്കേഷനിലൂടെ അതിനെ പിടിച്ചടുത്തു് വില്പനച്ചരക്കാക്കുന്ന വിപണനതന്ത്രങ്ങളോടു് കൂട്ടുകൂടുവാൻ സായാഹ്നയ്ക്കു് വൈമുഖ്യമുണ്ടു്. അതുകൊണ്ടാണു് വാട്സാപ് പോലുള്ള മെസഞ്ചർ ആപ്പുകൾ ബഹിഷ്ക്കരിച്ചതു്.

    അതുമൂലം എന്തെങ്കിലും തരത്തിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞുവെന്നു് തോന്നുന്നില്ല. ഗൂഗ്ൾ റിപ്പോര്‍ട്ട് അനുസരിച്ചു് കഴിഞ്ഞ 28 ദിവസങ്ങളിൽ 4,78,000 തവണ സായാഹ്നയുടെ ഏതെങ്കിലും കണ്ണി സന്ദർശകർ കാണുകയുണ്ടായി; 25,000 തവണ ക്ലിൿ ചെയ്യുകയുമുണ്ടായി. ഇതിലും എത്രയോ കുറവായിരുന്നു വാട്സാപ് കാലത്തെ സ്ഥിതിവിവരം. അതുകൊണ്ടു് മെസഞ്ചർ ആപ്പുകൾ സായാഹ്നയുടെ വളർച്ചയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി എന്നു് വിശ്വസിക്കാൻ കഴിയുന്നില്ല.

    ഇന്റർനെറ്റിന്റെ ഏറ്റവും വലിയ ആനുകൂല്യം നമ്മുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ നമുക്കു് ആവശ്യമുള്ള വിവരം സമാഹരിക്കുവാൻ സഹായിക്കുന്നു എന്നതാണു് (ഉദാ: വിക്കിപ്പീഡിയ). മെസഞ്ചർ ആപ്പുകളും ഈ ഫേസ്ബുക്ക് പോലും നമ്മുടെ സ്വകാര്യവിവരം നല്‍കുന്നതിനു് പകരമായിട്ടാണു് സേവനം നല്‍കുന്നതു്. അതുകൊണ്ടാണു് ഈ വിപണനം തടയുന്ന ഫോറത്തിലേയ്ക്കു് സായാഹ്ന മാറിയതു്. ഒട്ടനവധി വായനക്കാർക്കു് അവരുടെ സ്വകാര്യവിവരം കച്ചവടച്ചരക്കായി മാറിക്കൊണ്ടിരിക്കുന്ന കാര്യമോ അതിന്റെ വരാനിരിക്കുന്ന വിപത്തുക്കളോ ഇനിയും മനസ്സിലായിട്ടില്ല. അതുകൊണ്ടു് ഫോറം വായനക്കാരുടെ സൗകര്യങ്ങളെ മാനിക്കുന്നില്ല എന്ന ആരോപണമുയർന്നു. പക്ഷെ സത്യം തിരിച്ചാണു്.

    സായാഹ്ന ഫോറം ഒരു തരത്തിലുള്ള സ്വകാര്യവിവരവും ആവശ്യപ്പെടുന്നില്ല. ഒരു തരത്തിലുള്ള രജിസ്റ്റ്രേഷനും ഇല്ലാതെ തന്നെ https://forum.sayahna.org എന്ന വെബ് സൈറ്റിൽ ചെന്നാൽ ഏതു് പിഡിഎഫ് വേണമെങ്കിലും ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികൾ ക്രമാനുഗതമായി ചിട്ടയോടെ ലഭ്യമാക്കിയിട്ടുണ്ടു്, അവയൊക്കെ ഉപയോഗിക്കുകയും ചെയ്യാം. അതൊരു കവലയോ ചന്തയോ അല്ല, മറിച്ചു് ഉള്ളടക്കം ചിട്ടയായി ക്രപ്പെടുത്തിയിട്ടുള്ള ഒരു ഗ്രന്ഥശാല പോലെയാണു്. ഏതെങ്കിലും പ്രസിദ്ധീകരണത്തെക്കുറിച്ചു് പ്രതികരണം രേഖപ്പെടുത്തണമെങ്കിൽ മാത്രമേ രജിസ്റ്റ്രേഷന്റെ ആവശ്യമുള്ളു. അതുതന്നെ വെറും രണ്ടു് മിനിട്ട് നേരത്തിൽ ചെയ്യാവുന്നതും.

    മുകളിൽ പറഞ്ഞ കാരണങ്ങൾ കണക്കിലെടുത്തു് വായനക്കാർ ഫോറത്തിലേയ്ക്കു് മടങ്ങണമെന്നും സ്വകാര്യതയെ കച്ചവടച്ചരക്കാക്കാത്ത, സ്വതന്ത്രമായ, വലിയ, വായനാസമൂഹമായി വളര്‍ത്തണമെന്നും സവിനയം അഭ്യര്‍ത്ഥിക്കട്ടെ.

    നന്ദി.
Sign In or Register to comment.