ഫ്രഞ്ച് കവിതകൾ, പ്രണയഗീതങ്ങൾ
ഫ്രഞ്ച് കവിതയുടെ ആദ്യകാലം തൊട്ടു അടുത്തകാലം വരെ ഉണ്ടായിട്ടുള്ള എണ്‍പത്തൊന്നു പ്രമുഖ കവനങ്ങളുടെ വിവർത്തനസമാഹാരമാണ് ഫ്രഞ്ച് കവിതകൾ എന്ന ഈ കൃതി. ആകെ നാൽപ്പത്തി രണ്ടു കവികൾ. മലയാളസാഹിത്യത്തിന്റെ ചരിത്രത്തിൽ പലതുകൊണ്ടും ശ്രദ്ധയർഹിക്കുന്ന ഈ ഗ്രന്ഥം നിസ്തുലമായ ഒരു വിവർത്തനയത്നമാണ്. മലയാളത്തിൽ ഇതിനു മുമ്പു ഇത്രയേറെ ഫ്രഞ്ച് കവിതകൾ നമുക്കു ഒന്നിച്ചു തർജ്ജമ ചെയ്തു കിട്ടിയിട്ടില്ല. ഇന്ത്യയിൽ ഏതെങ്കിലും ഭാഷയിൽ ഇത്ര സമഗ്രതയാർന്ന ഒരു ഫ്രഞ്ച് കാവ്യവിവർത്തനോദ്യമം ഇതിനുമുമ്പു നടന്നതായി എന്റെ ശ്രദ്ധയിൽ വന്നിട്ടുമില്ല. ദേശീയമോ വൈദേശികമോ ആയ ഏതെങ്കിലും ഭാഷയിൽ നിന്നു ഇത്രയേറെ കവിതകൾ ഒറ്റയ്ക്ക് ഒരാൾ പരിഭാഷപ്പെടുത്തി സങ്കലനം ചെയ്തു പ്രകാശിപ്പിച്ച പരിശ്രമവും വേറൊന്നുള്ളതായി അറിവില്ല.
... ... ...
ഈ വിവർത്തനത്തിനു പ്രശംസനീയമായ മറ്റൊരു വശമുണ്ട്. അത് ഇതിലെ ഓരോ കവിതയുടെയും അടിയിൽ സമാനാശയങ്ങളുടെ അലകൾ ഉയർത്തുന്ന മലയാളകവിതകളിൽ നിന്നുള്ള വരികൾ അലംഭാവമെന്യേ ഉദ്ധരിച്ചു ചേർത്തട്ടുണ്ടെന്നുള്ളതാണ്. 'സംവാദം' എന്നു ആനന്ദവർദ്ധനൻ പേരിട്ട രചനാസാദൃശ്യത്തിന്റെ നേരിയ ഒരു തരിപോലും കണ്ടെടുത്ത് മലയാളകവിത ധാരാളമായി ഉദ്ധരിച്ചു ചേർക്കുന്ന വിവർത്തകന്റെ സാമർത്ഥ്യം അന്യദുർലഭവും അസാധാരണവുമാണ്. ... ആംഗലകവിതയിൽ നിന്നുള്ള ഉദ്ധരണങ്ങൾ കവിതാതാരതമ്യത്തിന്റെ ആസ്വാദ്യത കൂട്ടുന്നു. തർജ്ജമ പോലെയോ അതിൽക്കൂടുതലോ കവിതകൾ തമ്മിലുള്ള ആശയസംക്രമണം കണ്ടുപിടിക്കാൻ വിവർത്തകൻ ക്ലേശിച്ചിട്ടുണ്ടാവണം. മനസ്സിനു പ്രിയമായ ഒരു പ്രവർത്തി അക്ലേശസുന്ദരമായി അദ്ദേഹം നിറവേറ്റിത്തന്നിരിക്കുന്നു. പലപ്പോഴും ആശയസാമ്യത്തിന്റെ ഉദ്ധരണപ്പട്ടിക മൂലകവനത്തേക്കാൾ സ്ഥലം ആവശ്യപ്പെട്ടിരിക്കുന്നു. ഉദാഹരണം പറയുകയല്ല, ആദ്യം കണ്ണിൽപ്പെട്ട കവിതയുടെ കഥ പറയുകയാണ്. ആശാനും വള്ളത്തോളും തൊട്ട് ഒ.എൻ.വിയും യൂസഫലിയും വരെ ഇരുപതിലേറെ കവികളുടെ കവിതകളിൽ നിന്നുള്ള അനേകം ഉദ്ധരണങ്ങൾ ഒന്നാമത്തെ ഫ്രഞ്ച് കവിതയുടെ അടിക്കുറിപ്പുകളിൽ നമുക്കുവായിക്കാം. ഒരു തീസിസ്സിന്റെ മട്ടിൽ ഈ ഗ്രന്ഥം പുനഃപ്രസാധനം ചെയ്താൽ ലോകത്തിലെ ഏതു സർവ്വകലാശാലയും താരതമ്യസാഹിത്യ പഠനത്തിൽ എന്റ സുഹൃത്തിന് ഡോക്ടറേറ്റ് നല്കാൻ മടിക്കില്ല. (സുകുമാർ അഴിക്കോടു്, അവതാരിക, ഫ്രഞ്ച് കവിതകൾ, 1993) ഡിജിറ്റൽ പതിപ്പുകളെല്ലാം തന്നെ വാണിജ്യേതര ആവശ്യങ്ങൾക്കു് ഉപയോഗിക്കാവുന്നതാണു്.