പാടുന്ന കവിത
മലയാള കവിതകളുടെ സംഗീതാവിഷ്കാരത്തിനായി കവികളുടെയും ഗായകരുടെയും ഒരു കൂട്ടായ്മ എന്റെ സുഹൃത്തും ഭാഷാസാങ്കേതികവിദഗ്ദ്ധനുമായ ഹുസൈന്റെ സംഘാടകത്വത്തിൽ രൂപംകൊണ്ടിരിക്കുന്നു. ലളിതസംഗീതമെന്നാൽ സിനിമാഗാനങ്ങൾ എന്ന മട്ടിൽ കാര്യങ്ങൾ അധഃപതിച്ചിരിക്കുന്ന കാലത്തിൽ ഈ സംരംഭം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. കാവ്യഗുണമില്ലാത്ത വരികളും അവയ്ക്കു യാന്ത്രികമായി പകർന്ന ബഹളമയമായ സംഗീതവും കൂടി സിനിമാ സംഗീതത്തിനു ഇന്നു് സ്വീകാര്യത തീരെ ഇല്ലാതായ മട്ടാണു്. ഈയവസരത്തിൽ നൂറു് കവിതകളുടെ സംഗീതാവിഷ്ക്കാരത്തോടെ ഹുസൈനും കൂട്ടുകാരും ലളിതസംഗീതമണ്ഡലത്തിൽ പ്രവേശിക്കുന്നതു് എന്തുകൊണ്ടും അങ്ങേയറ്റം ആശാവഹമാണു്.
ആദ്യ ആലാപനത്തിന്റെ ഓഡിയോ ഫയലുകൾ യൂട്യൂബ് ചാനലിൽ ഇപ്പോൾ മുതൽ ലഭ്യമാണു്. (ലിങ്ക് ചുവടെ കാണുക.)
ആദ്യ കവിത രാജൻ സി.എച്ചിന്റേതാണു്: മഴ. കബീർ പാടുന്നു.
പാടുന്ന കവിതയുടെ ലക്ഷ്യങ്ങൾ:
- നമ്മുടെ പഴയതും പുതിയതുമായ കവിതകളെ സംഗീതാവിഷ്കാരത്തിലൂടെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുക.
- നമ്മുടെ കവിതകളുടെ ശബ്ദസൗന്ദര്യം നിറഞ്ഞ ലോകം സംഗീതജ്ഞർക്കും ഗായകർക്കും കാണിച്ചു കൊടുക്കുക.
- സിനിമയിൽ നിന്നും സ്വതന്ത്രമായി പാട്ടുകൾ രൂപംകൊള്ളാനുള്ള വഴി ഇതിലൂടെ സൃഷ്ടിക്കപ്പെടും.
- വള്ളത്തോളും വൈലോപ്പിള്ളിയും ജിയും പിയുമടക്കം വിസ്മൃതരായ അനേകം കവികളെ കണ്ടെടുക്കാനും പുനരവതരിപ്പിക്കാനും സംഗീതത്തിലൂടെ മാത്രമേ കഴിയൂ.
- അനേകം സംഗീത കലാകാരർക്ക് സർഗ്ഗസൃഷ്ടി നടത്താനും സംഗീതനിശകളിലൂടെ ജീവിതമാർഗ്ഗം കണ്ടെത്താനും വഴിയൊരുങ്ങും. കോവിഡാനന്തര കാലം കലകളുടെ നവോത്ഥാനകാലമായിരിക്കും.
കവർ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത കാലിഗ്രാഫറായ നാരായണ ഭട്ടതിരിയാണ്.
Tagged:
Comments
ഈ കവിതയും നന്നായി ഇഷ്ടപ്പെട്ടു.