വി. കെ. കുഞ്ഞൻമേനോൻ: സഹകരണപ്രസ്ഥാനം
പ്രിയരേ,
വി. കെ. കുഞ്ഞൻമേനോൻ എഴുതിയ സഹകരണപ്രസ്ഥാനം എന്ന ലേഖനമാണു് ഇന്നു സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്.
HTML: https://sayahna.net/vkkunjan-sahakarana-html
XML: https://sayahna.net/vkkunjan-sahakarana-xml
PDF: https://sayahna.net/vkkunjan-sahakarana
Comments
ഇ. മാധവൻ*
കേരളത്തിലെ ചില സർവ്വീസ് സഹകരണ ബാങ്കുകളിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകളും ഇ.ഡിയുടെ അന്വേഷണങ്ങളും സഹകരണ മേഖലയിൽ അസ്വാസ്ഥ്യം ഉളവാക്കിയിരിക്കയാണ്. ക്രമക്കേടുകൾ ചുരുക്കം ചില ബാങ്കുകളിൽ ഒതുങ്ങിയവയാകാം; മറിച്ചും ആകാം. ഇക്കാര്യത്തിൽ ഊഹമോ വിധി പ്രസ്താവമോ നിരത്ഥകമാണ്. പക്ഷേ, സർവ്വീസ് സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്ന രീതി പരിശോധിക്കപ്പെടേണ്ട ഘട്ടം എത്തിക്കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല. ഒരു പുതിയ പരിപ്രേക്ഷ്യം ആവശ്യമായിരിക്കുന്നു.
കാലാന്തരത്തിൽ പല സർവ്വീസ് സഹകരണ ബാങ്കുകളുടേയും പ്രവർത്തന രീതിയിൽ പ്രകടമായ മാററങ്ങൾ വന്നിട്ടുണ്ട്. ചില ബാങ്കുകളെങ്കിലും രൂപഭാവങ്ങളിൽ വാണിജ്യ ബാങ്കുകളുമായി കിടപിടിക്കുന്ന രീതിയിൽ ബിസിനസ്സ് വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ പോലെ കർഷകന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ലളിതമായ ക്രമീകരണങ്ങളിൽ പ്രവർത്തിക്കുന്ന സർവ്വീസ് സഹകരണ ബാങ്കുകൾ ഇന്നും ഉണ്ട്. കേരളത്തിലെ കാർഷിക സമ്പദ്ഘടനയ്ക്ക് എല്ലുറപ്പ് നൽകാൻ കെല്പുള്ള സംവിധാനമാണിത് എന്നു മാത്രം പറഞ്ഞു വെക്കട്ടെ. പക്ഷേ, മറ്റ് പല സർവ്വീസ് സഹകരണ ബാങ്കുകളും ഇന്ന് വിപുലമായ ബിസിനസ്സ്, സങ്കീർണ്ണതയുള്ള പ്രവർത്തന രീതി എന്നിവയിൽ ഉൾച്ചേർന്ന റിസ്‌കുകൾ (നഷ്ടസാധ്യതകൾ) പേറുന്നവയാണ്. ഇത്തരം ബാങ്കുകളെ വ്യത്യസ്തമായി കണ്ട് അവയെ വിശദമായ ആഡിറ്റിന്/ഇൻസ്പെക്‌ഷന് വിധേയമാക്കേണ്ടതാണ്.
റിസ്ക‌് അടിസ്ഥാനപ്പെടുത്തി വേണം നിയന്ത്രണപ്രക്രിയ ആവിഷ്ക്കരിക്കുന്നത് എന്ന ആശയം ബാങ്കിങ് റഗുലേഷൻ മേഖലയിൽ വളരെ കാലമായി നിലവിലുള്ളതാണ്. ഇന്നത്തെ സാഹചര്യത്തിൽ സർവ്വീസ് സഹകരണ ബാങ്കകളിലെ റിസ്കിനെ ആധാരമാക്കി നിലവിലെ ഇൻസ്പെക്‌ഷൻ സമ്പ്രദായം അവലോകനം ചെയ്യുന്നത് നന്നായിരിക്കും. പഴയ മട്ടിൽ ചെറുകർഷകന്റെ ആവശ്യങ്ങൾക്കനുസൃതമായി മാത്രം പ്രവർത്തിക്കുന്ന ബാങ്കുകളുടെ പ്രവർത്തന രീതി ലളിതമാണ്, മിക്കവാറും എല്ലാം ചെറു വായ്പകളായിരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ഇൻസ്പെക്‌ഷന് വേണ്ടി ഒരു പാട് സമയവും അദ്ധ്വാനവും ചെലവാക്കേണ്ട ആവശ്യമുണ്ടാകില്ല. വലിയ സർവ്വീസ് സഹകരണ ബാങ്കുകളുടെ കാര്യത്തിൽ മാനദണ്ഡങ്ങൾ നിർവ്വചിക്കാൻ സർക്കാർ തയ്യാറാകണം. ഭരണ സമിതികൾ അവ നടപ്പിലാക്കുന്നുണ്ടെന്ന് അധിക്യതർ ഉറപ്പു വരുത്തുകയും വേണം. ഇവ പരിശോധിക്കാൻ സാധിക്കുന്ന തരത്തിൽ ഇൻസ്പെക്‌ഷൻ സംവിധാനം ശക്തിപ്പെടുത്തുകയും വേണ്ടി വരും.
ബാങ്ക് ഇൻസ്പെക്ഷനിൽ കണ്ടുപിടിക്കുന്ന വീഴ്ചകൾ റിപ്പോർട്ട് ചെയ്യുകയും സമയപരിധി നിഷ്കർഷിച്ച് പിഴവുകൾ തിരുത്തുകയും വേണം. പിഴവുകൾക്ക് അടിസ്ഥാനപരമായ കാരണങ്ങൾ--അറിവിന്റെ അഭാവമാണോ അലംഭാവമാണോ അഴിമതിയാണോ--മനസ്സിലാക്കി അതനുസരിച്ചുള്ള ഇടപെടൽ നടത്താൻ ഉന്നത മാനേജ്മെന്റും ഭരണസമിതിയും ബാധ്യസ്ഥരാണ്. ഇടപെടൽ ട്രെയിനിങ് മുതൽ അച്ചടക്ക നടപടി വരെ എന്തുമാകാം. അവ ദ്രുതഗതിയിൽ നടപ്പാക്കാനുള്ള ആർജ്ജവവും കഴിവും മാനേജ്‌മെൻ്റ് കാണിക്കണം. അയഞ്ഞ സമീപനം അപകടകരമാണ്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണോ എന്ന ആശങ്കകൾ ഉന്നയിക്കപ്പെടുന്നുണ്ട്. 2017 ജൂൺ 30-നും 2017 നവമ്പർ 29-നും റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പുകൾ ഇവിടെ പ്രസക്തമാണ്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് (സർവ്വീസ് സഹകരണ ബാങ്കുകൾ) ബാങ്കിങ് സേവനം നടത്താനുള്ള റിസർവ്വ് ബാങ്കിൻറെ ലൈസൻസ് ഇല്ലെന്നും പ്രസ്തുത സ്ഥാപനങ്ങൾ പേരിൽ ബാങ്ക് എന്ന് വെക്കുന്നത് ബാങ്കിങ് റഗുലേഷൻ നിയമത്തിൻറെ ലംഘനമാണെന്നും വ്യക്തമായി ഈ പത്രക്കുറിപ്പുകൾ വഴി പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമ്പോൾ ആവശ്യമായ അന്വേഷണങ്ങൾ നടത്തേണ്ടതും കരുതലുകൾ സ്വീകരിക്കുന്നതും നിക്ഷേപകന്റെ മാത്രം ചുമതലയാണ്. സർവ്വീസ് സഹകരണ ബാങ്കുകൾക്ക് മണി മാർക്കറ്റ്, ക്ലീയറിങ്ങ്, നാഷണൽ പേമെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളിൽ നേരിട്ട് പ്രവേശനമില്ല. അതിനാൽ ഒരു അടിയന്തിര ഘട്ടത്തിൽ ദ്രുതഗതിയിൽ പണം സ്വരൂപിക്കുന്ന കാര്യത്തിൽ ഈ സർവ്വീസ് ബാങ്കുകൾക്ക് പരിമിതിയുണ്ട്. സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പ്രതീക്ഷിക്കാവുന്നത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ മാത്രമാണ്.
സഹകരണ തത്വങ്ങൾ പ്രകാരം അംഗങ്ങൾ സഹകരണ സംഘങ്ങളിൽ ജനാധിപത്യപരമായ പെരുമാറ്റവും പ്രവർത്തനവും പ്രതീക്ഷിക്കുന്നുണ്ട്. അംഗങ്ങൾ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നത് കഴിവിന്റെയും സത്യസന്ധതയുടെയും അറിവിൻ്റെയും അടിസ്ഥാനത്തിലാകണം. മേൽ സൂചിപ്പിച്ച തത്വങ്ങൾ അനുസരിച്ചുള്ള കരുതൽ മാനേജ്മെന്റിന്റെ പ്രവർത്തനത്തിൽ പരിപാലിക്കുന്നുണ്ടെന്ന് ഭരണസമിതി ഉറപ്പു വരുത്തണം. അംഗങ്ങൾ തങ്ങളുടെ താല്പര്യം സംരക്ഷിക്കാനായി കൂട്ടായി പ്രവർത്തിക്കുകയും കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു ജനാധിപത്യ പ്രക്രിയ തങ്ങളുടെ സംഘങ്ങളിൽ വളർത്തിക്കൊണ്ടുവരികയും വേണം. സംഘത്തിലെ നിക്ഷേപകരും വായ്പയെടുക്കുന്നവരും വോട്ടവകാശമുള്ള അംഗങ്ങളായി മാറി സംഘത്തിന്റെ പോക്ക് നിയന്ത്രിക്കുക തന്നെ വേണം. ബാങ്ക് എന്ന് സ്വയം നാമകരണം ചെയ്യാതെ സഹകരണസംഘം എന്ന് അഭിമാനപൂർവ്വം തങ്ങളുടെ സംഘത്തെ വിളിക്കാൻ അംഗങ്ങൾ തന്നെ ഉത്സാഹിക്കണം. മിഥ്യാഭിമാനങ്ങളിൽ നിന്ന് മാറി യാഥാർത്ഥ്യത്തിന്റെ നേർ വെളിച്ചത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ഈ പ്രക്രിയയെ സഹായിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ ഗവണ്മെൻറിൽ നിന്നും ഉണ്ടാകണം. നിക്ഷേപ സുരക്ഷ ഉറപ്പാക്കാൻ ഇത് മാത്രമാണ് വഴി.
*ലേഖകൻ റിസർവ്വ് ബാങ്ക് സർവ്വീസിൽ നിന്ന് ജനറൽ മാനേജരായി വിരമിച്ചതാണ്. അഭിപ്രായങ്ങൾ വ്യക്തിപരം