ശയ്യാതല സഞ്ചാരി നീ

എ ആർ സുരേഷ്
'ദി സിക്‌സ്‌ത് സെൻസ്' അവസാനിച്ച ശേഷം ആലോചിക്കുമ്പോൾ, മാൽക്കം ആദ്യം തന്നെ മരിച്ചതാണല്ലോ പിന്നെ എങ്ങനെ തെറ്റിപ്പോയി കാലഗണന എന്ന് തോന്നാറുണ്ട്. രണ്ടാമത് കണ്ടപ്പോഴും അങ്ങനെ തന്നെ തോന്നി. ഇനി കാണുമ്പോഴും തോന്നും. അഥവാ, അങ്ങനെ തോന്നാൻ വേണ്ടിയാണ് ഇനിയും കാണുന്നത്.

ആദ്യ പാരഗ്രാഫിൽ തന്നെ അവൾക്ക് അപ്പോൾ ഉള്ള പ്രായവും ശാരീരിക അവസ്ഥയും ആറാം വയസ്സിൽ സംഭവിച്ചതും ഓർമകളെ അടുക്കിവയ്ക്കുന്ന രീതിയും അനൂപ് പറയുന്നുണ്ട്.

തുടർന്നു വായിക്കുമ്പോൾ കാലം വായനവിട്ട് പോകുന്നു. 'തോറ്റങ്ങളി'ൽ ചോദിക്കുന്നുണ്ട്: എന്താണ് കാലത്തിൻ്റെ മാനദണ്ഡം? അനുഭവങ്ങളാണോ? ആയിരിക്കണം.

അനുഭവങ്ങൾ അത്രമേൽ വേദനയും വിഷാദവും ആകുമ്പോൾ അടുക്കിവെച്ച കാലത്തിൻ്റെ നേർരേഖ ഇല്ല. ഒരാൾ അല്ല, ഒന്നിലേറെ പേർ കഥ പറയുന്നുണ്ട് എന്ന് ആമുഖം ആയി അനൂപ് തന്നെ പറയുന്നുണ്ട്.

മീനുകളുടെയും ഉരഗങ്ങളുടെയും ലോകം. ആഹ്‌ളാദം ആയല്ല, ദുഖങ്ങളും ദുരന്തങ്ങളും ആയാണ് അവ വരുന്നത്. പല്ലിയെ കഴിച്ച ദിവസമാണ് ഋദ്ധിക്ക് ജീവിതസങ്കടങ്ങൾ തുടങ്ങുന്നത്. ഉരഗവർഗ്ഗത്തെ ഒരിക്കലും ഒരു ദൃശ്യം ആയിപ്പോലും ഇഷ്ടപ്പെടാൻ കഴിഞ്ഞിട്ടില്ല. നോവൽ വായിച്ചുതീർന്നാലും ഒരു ബോഡി ഹൊറർ ആയി അത് നിൽക്കുന്നു.

പൂക്കളുടെ ലോകം. അതും സങ്കടമാണ്:
എൻ്റെ ആകാശം നിറയെ പൂത്ത മന്ദാരങ്ങൾ.
എൻ്റെ ആകാശം നിറയെ കനകാംബരം.

കനകാംബരം ഒരു പൂ മാത്രം ആവാതിരുന്നിട്ട് കാലങ്ങളായി: വൈകുന്നേരം ഏഴര മണിക്ക് അവർ അഞ്ചുപേർ ശ്രീപെരുമ്പത്തൂരിൽ എത്തി. അവർ പൂക്കൾ വാങ്ങി. തനു കനകാംബരം. നളിനി (A1) മുല്ലപ്പൂവും.

കാക്കപ്പൂവ്, മഞ്ഞമന്ദാരം, ചെങ്കൊങ്ങിണി, മത്തപ്പൂവ്, വീണ്ടപ്പൂവ്, തൊട്ടാവാടി. നന്ദിനിയുടെ ജീവിതം വായിക്കുമ്പോൾ പിന്നെ അവളുടെ ഈ പൂവുകൾ പൂക്കളായി തോന്നണം എന്നില്ല. ഋദ്ധിക്ക് പല്ലി. നന്ദിനിക്ക് പൂക്കളം: 'ഇരുട്ടായിരുന്നു. ഒമ്പതാം ക്ലാസിലെ പൂക്കളം തകർത്തെറിഞ്ഞ രാത്രിയാണ്.

എന്താണ് പരിപാടികൾ എന്ന് സുശീല ഋദ്ധിയോട് ചോദിക്കുന്നു. അവൾ മറുപടി പറയുന്നു: "മാരിടൈം എഞ്ചിനീയറിംഗ്. മസാച്യുസെറ്റ്സ്." 'തോറ്റങ്ങളി'ൽ നന്ദിനി തിരിച്ചുനടക്കുമ്പോൾ താൻ തുന്നുന്ന തലയണയോട് ചോദിക്കുന്നു: ആർ വരും? തലയണ കുങ്കുമത്തിൽ മൊഴിഞ്ഞു: ബി ഹാപ്പി!

അങ്ങനെയൊന്നില്ല.

ഋദ്ധിയുടെ നന്ദിനിയും സമരയും സങ്കടങ്ങൾ ആണ്. ആ സങ്കടങ്ങൾ ഋദ്ധിക്ക് തന്നെ അവളുടെ സങ്കടത്തെക്കാൾ വലുതാണ്.

അത്ര എളുപ്പം അല്ല വായന.

'തോറ്റങ്ങൾ' പുസ്തകം ആയി കൈയിൽ വന്നതുകൊണ്ടും ദേവസ്യ സാർ പഠിപ്പിച്ചതുകൊണ്ടും മാർജിനുകളിൽ നിറയെ കാലം, ബന്ധം ഒക്കെ എഴുതിവച്ചിരുന്നു. അമ്മ തന്നെ ആണ് ഉണ്ണിമോളും. അനുഭവങ്ങളിൽ അമ്പിളിയും നന്ദിനിയും സമരയും പരസ്പരം കയറിക്കിടക്കുന്നു. അതിലെ അച്ഛൻ 'ഈ വീട്ടിൽ നിനക്കിനി പൊറുപ്പില്ല' എന്ന് പറഞ്ഞ് രക്ഷിക്കാൻ വരുമെന്ന് ഉണ്ണിമോൾ കരുതുന്ന ആളാണ്. അത് ഉണ്ണിമോളുടെ ശയ്യാതല സഞ്ചാരം. ഇത് ഋദ്ധിയുടെ.

പങ്കായം നിലംതല്ലിപോലെ താഴ്ന്നു. അയാൾ ചവിട്ടുകൊണ്ട അട്ടയായി പാമരത്തിൽ വട്ടം ചുരുണ്ടു. (ശയ്യാതല സഞ്ചാരി നീ)

പായിൽ, തറയിൽ, ചുമരിൽ രക്തം, അമ്മയുടെ തലയിൽ, ചെകിട്ടിൽ, തലയിണയിൽ ഉണങ്ങിയ രക്തം. വെറുങ്ങലിച്ച കൈകളിൽ ഒട്ടിപ്പിടിച്ച ചെമ്പുലക്ക. ചേന്നപ്പൻ കട്ടിലിൽ അസ്തു. (തോറ്റങ്ങൾ)

വായനയ്ക്കിടയിൽ ഒരു സഹായത്തിനു തിരിഞ്ഞു നോക്കുമ്പോൾ അനൂപ് ഇല്ല. ആറ് പത്തിൻ്റെ 'ദൈവസഹായം' ബസ്സിൽ എത്രയോ തവണ കയറിപ്പോയിരിക്കുന്നു.

ആ ബസ്സിൻ്റെ പേര്, പക്ഷേ, അതല്ല എന്ന് എനിക്കറിയാം. അത് നാളെയും വരും.

Comments

  • edited February 12
    സായാഹ്ന പ്രസിദ്ധീകരിച്ച ശയ്യാതല സഞ്ചാരി നീ എന്ന നോവലിനെ കുറിച്ച് എ ആർ സുരേഷ്.

  • From
    Sarun A jose, Media Person.

    ഒറ്റയിരിപ്പിൽ തീരുന്നതല്ലായിരുന്നു 'ശയ്യാതല സഞ്ചാരി നീ'...ഋദ്ധിയും സുശീലയും അമ്പിളിയും നന്ദിനിയും കന്യാസ്ത്രികളും നിറഞ്ഞുനിന്ന ദിവസങ്ങൾ...വിഷാദത്തിന്റെതല്ല, മനുഷ്യന്റെ അതിതീവ്രവും മരവിപ്പ് നിറഞ്ഞതുമായ ജീവിതസഞ്ചാരങ്ങളാണ്...നിരവധി മുഖങ്ങൾ മിന്നിപ്പോയ ദിവസങ്ങൾ...

    കുഞ്ഞരുവിപോലെ നനവും സുഖവുമുള്ള തണുപ്പുമാണ് സഞ്ചാരമെന്ന് എപ്പോഴും മനസ്സുറപ്പിക്കുമ്പോഴും, കൂടുതൽ കൂടുതൽ പേടിപെടുത്തുന്ന മലയിലേക്കും ആഴക്കടലിലേക്കുമാണല്ലോ സഞ്ചാരം😔
    .............
    അനൂപേട്ടന്റെ 'ഫൈവ് മില്യൺ എപിക്സ്' എന്ന നോവലാണ്(ഇംഗ്ലീഷ്) ആദ്യം വായിച്ചത്. നമ്മൾ ദിവസവുമറിയുന്ന ലോകത്തിന്റെ കഥകളായിരുന്നു അത്. 'ശയ്യാതല സഞ്ചാരി നീ' നമുക്ക് തൊട്ടരികെ നടക്കുന്നതാണ്…അപരനോട് അനുതാപവും കരുതലുമുള്ള ഒരാൾക്ക് എഴുതാൻ കഴിയുന്നതാണിത്...❤️

    അനൂപേട്ടൻAnoop Parameswaran😍🫂
  • From
    Sarun A jose, Media Person.

    ഒറ്റയിരിപ്പിൽ തീരുന്നതല്ലായിരുന്നു 'ശയ്യാതല സഞ്ചാരി നീ'...ഋദ്ധിയും സുശീലയും അമ്പിളിയും നന്ദിനിയും കന്യാസ്ത്രികളും നിറഞ്ഞുനിന്ന ദിവസങ്ങൾ...വിഷാദത്തിന്റെതല്ല, മനുഷ്യന്റെ അതിതീവ്രവും മരവിപ്പ് നിറഞ്ഞതുമായ ജീവിതസഞ്ചാരങ്ങളാണ്...നിരവധി മുഖങ്ങൾ മിന്നിപ്പോയ ദിവസങ്ങൾ...

    കുഞ്ഞരുവിപോലെ നനവും സുഖവുമുള്ള തണുപ്പുമാണ് സഞ്ചാരമെന്ന് എപ്പോഴും മനസ്സുറപ്പിക്കുമ്പോഴും, കൂടുതൽ കൂടുതൽ പേടിപെടുത്തുന്ന മലയിലേക്കും ആഴക്കടലിലേക്കുമാണല്ലോ സഞ്ചാരം😔
    .............
    അനൂപേട്ടന്റെ 'ഫൈവ് മില്യൺ എപിക്സ്' എന്ന നോവലാണ്(ഇംഗ്ലീഷ്) ആദ്യം വായിച്ചത്. നമ്മൾ ദിവസവുമറിയുന്ന ലോകത്തിന്റെ കഥകളായിരുന്നു അത്. 'ശയ്യാതല സഞ്ചാരി നീ' നമുക്ക് തൊട്ടരികെ നടക്കുന്നതാണ്…അപരനോട് അനുതാപവും കരുതലുമുള്ള ഒരാൾക്ക് എഴുതാൻ കഴിയുന്നതാണിത്...❤️

    അനൂപേട്ടൻAnoop Parameswaran😍🫂
  • സ്മിത ഗിരീഷ്
    "ശയ്യാതല സഞ്ചാരി നീ"
    💔
    വായിച്ച വായനകളിൽ അടുത്ത കാലത്തെങ്ങും ഇത്രയേറെ ഞാനിൽ നിന്നിറങ്ങി മാറി നിന്ന്, എൻ്റെ ദൈവമേ, ഇത്രയേറെ വേദന, പിറവി കൊണ്ടും,രതി കൊണ്ടും സ്നേഹം കൊണ്ടും നിസ്സഹായത കൊണ്ടും പെണ്ണുങ്ങൾക്ക് നീ കൊടുക്കുമോ എന്ന് കരഞ്ഞ മറ്റൊരു നോവലില്ല. മനസിൻ്റെ ആകുലതകൾ എത്ര ചെറുതെന്നും, ഓടിപ്പിടിക്കാൻ നോക്കുന്നവ എത്ര തുച്ഛമെന്നും തിരുത്തി, വേദനയിൽ നവീകരിച്ച് വായനക്കാരിയെ ശുദ്ധയാക്കുന്ന അപൂർവ ഒരനുഭവത്തിലൂടെ പോകുന്നു.
    അനൂപ് പരമേശ്വരൻ്റെ "ശയ്യാതല സഞ്ചാരി നീ" ഭാഷയിലും പ്രമേയത്തിലും അന്യാദൃശ്യമായ പുതുമയുള്ള നോവലാണ്. വായനയിൽ ഉള്ളിൽ നിന്നും മുതിരുന്ന ഒരനുഭവം. ജീവിതം തളർത്തിക്കിടത്തിയ മിണ്ടാനോ പ്രതികരിക്കാനോ കഴിയാത്ത ഒരാൾ ഒരു പെൺകുട്ടി സ്വപ്ന ലോകത്ത് കടലിൽ, കപ്പലിൽ, പ്രേമത്തിൽ, യുദ്ധത്തിൽ, സഞ്ചരിക്കുമോയെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
    മകൾ മിണ്ടാട്ടം മുട്ടി കിടപ്പിലായപ്പോൾ അവൾക്ക് വേണ്ടി സംസാരക്കാരിയായ ഒരമ്മയെ അറിയുമോ?
    ഈ വായന, മാറ്റിമറിക്കുന്നു. ജീവിതത്തിലേക്കും സ്വപ്നത്തിലേക്കുമിറങ്ങിവരാൻ മടി തോന്നുന്നു. മുറിവിലൂടെ വെളിച്ചം വരുന്ന, ശക്തി തരുന്ന വായനാനുഭവം.
  • അജീഷ് മുരളീധരൻ
    ഭാഷാപരമായ കണിശതയും മൂർച്ചയുമാണ് 'ശയ്യാതല സഞ്ചാരി നീ' മനസ്സിൽ പിടിക്കാനുള്ള പ്രധാനകാരണം. സമീപകാല വായനയിൽ അധികം ലഭിച്ചിട്ടില്ലാത്ത അത്തരമൊരു പൂർണ തൃപ്തി തന്ന നോവലാണത്. കുറേനാളുകളായി അക്ഷരപ്പണിയായതിനാൽ ചെറിയ കുനുപ്പും വളളിയും മാറിക്കിടക്കുന്നതു മുതൽ ദുരന്വയവും ശൈലീഭംഗവും വരെയുള്ള പണിക്കുറ്റങ്ങൾ വായനയിൽ വലിയ കല്ലുകടിയാണ്. സാമാന്യം നല്ല തുക നൽകി വാങ്ങി വായിക്കുന്ന പുസ്തകങ്ങളിൽ അത്തരം വീഴ്ചകൾ ആസ്വാദനത്തെ ഒരു പരിധിവരെ നശിപ്പിക്കും. പുതിയ പല പുസ്തകങ്ങളും മികച്ച എഡിറ്റിങ് ഇല്ലാതെ വായനാദുരന്തം ആയും മാറാറുണ്ട്. അനൂപ് പരമേശ്വരൻ അക്കാര്യത്തിൽ പുലർത്തിയ നിഷ്ഠ ശയ്യാതല സഞ്ചാരിയെ പ്രിയ പുസ്തകങ്ങളിലൊന്നാക്കി മാറ്റുന്നു. അതിസൂക്ഷ്മ വായനയിൽ പോലും പണിക്കുറ്റം ഒന്നുമേ കണ്ണിൽ തടഞ്ഞില്ല. എഴുത്തുകാരന് അഭിനന്ദനങ്ങൾ.❤️
Sign In or Register to comment.