അനൂപ് പരമേശ്വരൻ: ശയ്യാതലസഞ്ചാരി നീ

edited February 4 in Releases


അനൂപ് പരമേശ്വരൻ രചിച്ച ശയ്യാതലസഞ്ചാരി നീ എന്ന നോവലിന്റെ വിവിധ ഡിജിറ്റൽ പതിപ്പുകൾ ഇന്നു പ്രസിദ്ധീകരിക്കുകയാണു്.
  1. https://sayahna.net/anoop-sayyathala (HTML)
  2. https://sayahna.net/anoop-sayyathala-xml (XML)
  3. https://sayahna.net/anoop-sayyathala-web (web pdf)
  4. https://sayahna.net/anoop-sayyathala-web (phone pdf)

Comments

  • കവി എ.ആർ. സുരേഷ് അനൂപ് പരമേശ്വരന്റെ ശയ്യാതല സഞ്ചാരി നീ എന്ന നോവലിനെപ്പറ്റി എഴുതിയതു്:

    'ദി സിക്‌സ്‌ത് സെൻസ്' അവസാനിച്ച ശേഷം ആലോചിക്കുമ്പോൾ, മാൽക്കം ആദ്യം തന്നെ മരിച്ചതാണല്ലോ പിന്നെ എങ്ങനെ തെറ്റിപ്പോയി കാലഗണന എന്ന് തോന്നാറുണ്ട്. രണ്ടാമത് കണ്ടപ്പോഴും അങ്ങനെ തന്നെ തോന്നി. ഇനി കാണുമ്പോഴും തോന്നും. അഥവാ, അങ്ങനെ തോന്നാൻ വേണ്ടിയാണ് ഇനിയും കാണുന്നത്.

    ആദ്യ പാരഗ്രാഫിൽ തന്നെ അവൾക്ക് അപ്പോൾ ഉള്ള പ്രായവും ശാരീരിക അവസ്ഥയും ആറാം വയസ്സിൽ സംഭവിച്ചതും ഓർമകളെ അടുക്കിവയ്ക്കുന്ന രീതിയും അനൂപ് പറയുന്നുണ്ട്.

    തുടർന്നു വായിക്കുമ്പോൾ കാലം വായനവിട്ട് പോകുന്നു. 'തോറ്റങ്ങളി'ൽ ചോദിക്കുന്നുണ്ട്: എന്താണ് കാലത്തിൻ്റെ മാനദണ്ഡം? അനുഭവങ്ങളാണോ? ആയിരിക്കണം.

    അനുഭവങ്ങൾ അത്രമേൽ വേദനയും വിഷാദവും ആകുമ്പോൾ അടുക്കിവെച്ച കാലത്തിൻ്റെ നേർരേഖ ഇല്ല. ഒരാൾ അല്ല, ഒന്നിലേറെ പേർ കഥ പറയുന്നുണ്ട് എന്ന് ആമുഖം ആയി അനൂപ് തന്നെ പറയുന്നുണ്ട്.

    മീനുകളുടെയും ഉരഗങ്ങളുടെയും ലോകം. ആഹ്‌ളാദം ആയല്ല, ദുഖങ്ങളും ദുരന്തങ്ങളും ആയാണ് അവ വരുന്നത്. പല്ലിയെ കഴിച്ച ദിവസമാണ് ഋദ്ധിക്ക് ജീവിതസങ്കടങ്ങൾ തുടങ്ങുന്നത്. ഉരഗവർഗ്ഗത്തെ ഒരിക്കലും ഒരു ദൃശ്യം ആയിപ്പോലും ഇഷ്ടപ്പെടാൻ കഴിഞ്ഞിട്ടില്ല. നോവൽ വായിച്ചുതീർന്നാലും ഒരു ബോഡി ഹൊറർ ആയി അത് നിൽക്കുന്നു.

    പൂക്കളുടെ ലോകം. അതും സങ്കടമാണ്:
    എൻ്റെ ആകാശം നിറയെ പൂത്ത മന്ദാരങ്ങൾ.
    എൻ്റെ ആകാശം നിറയെ കനകാംബരം.

    കനകാംബരം ഒരു പൂ മാത്രം ആവാതിരുന്നിട്ട് കാലങ്ങളായി: വൈകുന്നേരം ഏഴര മണിക്ക് അവർ അഞ്ചുപേർ ശ്രീപെരുമ്പത്തൂരിൽ എത്തി. അവർ പൂക്കൾ വാങ്ങി. തനു കനകാംബരം. നളിനി (A1) മുല്ലപ്പൂവും.

    കാക്കപ്പൂവ്, മഞ്ഞമന്ദാരം, ചെങ്കൊങ്ങിണി, മത്തപ്പൂവ്, വീണ്ടപ്പൂവ്, തൊട്ടാവാടി. നന്ദിനിയുടെ ജീവിതം വായിക്കുമ്പോൾ പിന്നെ അവളുടെ ഈ പൂവുകൾ പൂക്കളായി തോന്നണം എന്നില്ല. ഋദ്ധിക്ക് പല്ലി. നന്ദിനിക്ക് പൂക്കളം: 'ഇരുട്ടായിരുന്നു. ഒമ്പതാം ക്ലാസിലെ പൂക്കളം തകർത്തെറിഞ്ഞ രാത്രിയാണ്.

    എന്താണ് പരിപാടികൾ എന്ന് സുശീല ഋദ്ധിയോട് ചോദിക്കുന്നു. അവൾ മറുപടി പറയുന്നു: "മാരിടൈം എഞ്ചിനീയറിംഗ്. മസാച്യുസെറ്റ്സ്." 'തോറ്റങ്ങളി'ൽ നന്ദിനി തിരിച്ചുനടക്കുമ്പോൾ താൻ തുന്നുന്ന തലയണയോട് ചോദിക്കുന്നു: ആർ വരും? തലയണ കുങ്കുമത്തിൽ മൊഴിഞ്ഞു: ബി ഹാപ്പി!

    അങ്ങനെയൊന്നില്ല.

    ഋദ്ധിയുടെ നന്ദിനിയും സമരയും സങ്കടങ്ങൾ ആണ്. ആ സങ്കടങ്ങൾ ഋദ്ധിക്ക് തന്നെ അവളുടെ സങ്കടത്തെക്കാൾ വലുതാണ്.

    അത്ര എളുപ്പം അല്ല വായന.

    'തോറ്റങ്ങൾ' പുസ്തകം ആയി കൈയിൽ വന്നതുകൊണ്ടും ദേവസ്യ സാർ പഠിപ്പിച്ചതുകൊണ്ടും മാർജിനുകളിൽ നിറയെ കാലം, ബന്ധം ഒക്കെ എഴുതിവച്ചിരുന്നു. അമ്മ തന്നെ ആണ് ഉണ്ണിമോളും. അനുഭവങ്ങളിൽ അമ്പിളിയും നന്ദിനിയും സമരയും പരസ്പരം കയറിക്കിടക്കുന്നു. അതിലെ അച്ഛൻ 'ഈ വീട്ടിൽ നിനക്കിനി പൊറുപ്പില്ല' എന്ന് പറഞ്ഞ് രക്ഷിക്കാൻ വരുമെന്ന് ഉണ്ണിമോൾ കരുതുന്ന ആളാണ്. അത് ഉണ്ണിമോളുടെ ശയ്യാതല സഞ്ചാരം. ഇത് ഋദ്ധിയുടെ.

    പങ്കായം നിലംതല്ലിപോലെ താഴ്ന്നു. അയാൾ ചവിട്ടുകൊണ്ട അട്ടയായി പാമരത്തിൽ വട്ടം ചുരുണ്ടു. (ശയ്യാതല സഞ്ചാരി നീ)

    പായിൽ, തറയിൽ, ചുമരിൽ രക്തം, അമ്മയുടെ തലയിൽ, ചെകിട്ടിൽ, തലയിണയിൽ ഉണങ്ങിയ രക്തം. വെറുങ്ങലിച്ച കൈകളിൽ ഒട്ടിപ്പിടിച്ച ചെമ്പുലക്ക. ചേന്നപ്പൻ കട്ടിലിൽ അസ്തു. (തോറ്റങ്ങൾ)

    വായനയ്ക്കിടയിൽ ഒരു സഹായത്തിനു തിരിഞ്ഞു നോക്കുമ്പോൾ അനൂപ് ഇല്ല. ആറ് പത്തിൻ്റെ 'ദൈവസഹായം' ബസ്സിൽ എത്രയോ തവണ കയറിപ്പോയിരിക്കുന്നു.

    ആ ബസ്സിൻ്റെ പേര്, പക്ഷേ, അതല്ല എന്ന് എനിക്കറിയാം. അത് നാളെയും വരും.
  • Anoop Parameswaran on Facebook (https://www.facebook.com/parameswarananoop/posts/7921653564552801) May 18, 2024

    "ശയ്യാതല സഞ്ചാരി നീ" ഗതികെട്ടവരുടെ ജീവിതമായിരുന്നു. കൊടിയ പീഡകൾ മാത്രം ദിവസവും അനുഭവിക്കേണ്ടി വരുന്നവരായിരുന്നു. അങ്ങനെയുള്ളവർക്ക് ഇക്കാലത്തും പൊതുവഴികളിൽ അയിത്തമുണ്ട്. മുഖ്യധാരകളിൽ അവരെ അടുപ്പിക്കാറില്ല.

    അങ്ങനെയാണ് ഇതുവരെയുള്ള അനുഭവം. എന്നാൽ " ശയ്യാതല സഞ്ചാരി നീ" അച്ചടി രൂപം കൈക്കൊള്ളുകയാണ്. തലേ ദിവസവും പിറ്റേ ദിവസവുമായി രണ്ടു പ്രസാധകരാണ് സായാഹ്നയിൽ വായിച്ച് താൽപര്യം അറിയിച്ചത്. ആദ്യം വന്നവർക്ക് അപ്പോൾ തന്നെ കൈമാറി.

    തീർത്തും വൈകാരികമായ അനുഭവമാണ്. അടുത്ത മാസം അവസാനത്തോടെ പ്രതീക്ഷിക്കുന്നു. ലവ്
Sign In or Register to comment.