പ്രസാധന നയം 4

cvrcvr
edited June 2021 in River Valley Press

ശിലായുഗകാല സോഫ്റ്റ്വേറും ആധുനിക പ്രസാധനവും

ഡിജിറ്റൽ കാലത്തിൽ, സ്വന്തം രചനകളുടെ വിവിധ രൂപങ്ങൾ പ്രസാധകർ എങ്ങനെ നിർമ്മിക്കുന്നു എന്നു് ഗ്രന്ഥകർത്താക്കൾ അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ടു്. കാലഘട്ടത്തിനു അനുയോജ്യമായ സോഫ്റ്റ്വേർ ആണോ പാഠവിന്യാസത്തിനും വിവിധ ഡിജിറ്റൽ പതിപ്പുകളുടെ നിർമ്മിതിക്കും ഉപയോഗിക്കുന്നതു് എന്നതു് പ്രധാനപ്പെട്ട കാര്യമാണു്. ഉദാഹരണമായി യൂണിക്കോഡ് ലിപിയുടെ ഉപയോഗം പ്രമാണങ്ങളുടെ ആയുർദൈർഘ്യം കൂട്ടുന്നു; യാന്ത്രികമായ തെരച്ചിലിനും മറ്റൊരു പ്രമാണത്തിലേയ്ക്കു പകർത്തുവാനും നീണ്ടകാല ഉപയോഗത്തിനുവേണ്ട സംരക്ഷണരൂപങ്ങളിലേയ്ക്കു യാന്ത്രികപരിവർത്തനം ചെയ്യാനും സഹായിക്കുന്നു. അതിനു പകരം കാലഹരണപ്പെട്ട ആസ്കി (ascii) ലിപിസഞ്ചയങ്ങളും അതു് പാഠവിന്യാസത്തിനു് ഉപയോഗിക്കുന്ന പേജ്മേക്കർ പോലുള്ള സോഫ്റ്റ്വേറും ഗ്രന്ഥനിർമ്മിതിക്കു് ഒരിക്കലും പാടില്ലാത്തതാണു്. ഇന്നത്തെ കമ്പ്യൂട്ടറുകളും അതിലെ പ്രവർത്തകങ്ങളും എല്ലാം തന്നെ യൂണിക്കോഡ് വ്യവസ്ഥയിൽ അധിഷ്ഠിതമാണു്. ഏച്ചുകെട്ടിയതുപോലുള്ള ഒരു സൂത്രവിദ്യയിലാണു് പേജ്മേക്കർ പോലുള്ള സോഫ്റ്റ്വേറുകൾ പ്രവർത്തിക്കുന്നതു്, അതിന്റെ എല്ലാ ദുരിതങ്ങളും ആ ഉൽപ്പാദനരീതി എപ്പോഴും അനുഭവിക്കുകയും പരോക്ഷമായി ഗ്രന്ഥകർത്താവിനെ ബാധിക്കുകയും ചെയ്യുന്നു. ആധുനിക പ്രസാധനം ആവശ്യപ്പെടുന്ന ഡിജിറ്റൽ രൂപങ്ങൾ നിർമ്മിക്കുവാൻ ഇത്തരം സോഫ്റ്റ്വേറുകൾ അനുയോജ്യമല്ല. അനാവശ്യമായി ഉല്പാദനചെലവു് കൂട്ടാനും തദ്വാരാ ഗ്രന്ഥകർത്താവിന്റെ വരുമാനം കുറക്കാനും മാത്രമേ സഹായിക്കുകയുള്ളു.

സംരക്ഷണരൂപങ്ങൾ

പാഠത്തിന്റെ ഡിജിറ്റൽ സൃഷ്ടി കഴിഞ്ഞാൽ, അതിന്റെ വിന്യാസത്തോടൊപ്പം ഡിജിറ്റൽ സംരക്ഷണവും നടത്തുക എന്നതു് മൗലികമായ ആവശ്യമാണു്. അല്ലെങ്കിൽ ഈ പാഠം കാലാന്തരത്തിൽ അച്ചടിപ്പതിപ്പിന്റെ തിരോധാനത്തെ തുടർന്നു് എന്നേയ്ക്കുമായി നഷ്ടപ്പെടും. എന്നാൽ സംരക്ഷണത്തിന്റെ ആവശ്യം ഇനിയും ബോദ്ധ്യമാവാത്ത ഒരു സമൂഹവും ഭരണസംവിധാനവുമാണു് നമുക്കുള്ളതു്. അവിടെ പാഠസംരക്ഷണത്തിനു് ഗുണകരമായി കാര്യങ്ങൾ നടത്തിക്കിട്ടുവാനുള്ള ശ്രമങ്ങൾ മറ്റു പരിഗണനകളുടെ മുന്നിൽ അവഗണിക്കപ്പെടുന്നു. അപ്പോൾ അതു് നടപ്പിലാക്കാമെന്നതിനു് ഉത്തമ മാതൃകകൾ നിർമ്മിച്ചു കാണിക്കുകയും ഗ്രന്ഥകർത്താക്കൾക്കു് അതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതു് റിവർവാലി-​യുടെ ലക്ഷ്യങ്ങളിലൊന്നാണു്.

ഡിജിറ്റൽ പാഠസംരക്ഷണത്തിന്റെ ആവിർഭാവവും വ്യാപനവും നടന്നതു് പാശ്ചാത്യലോകത്താണു്. പാഠത്തിന്റെ ഉള്ളടക്കവും വിന്യാസവും രണ്ടായി കാണുവാൻ കഴിഞ്ഞതും പാശ്ചാത്യർക്കു തന്നെ. പാഠത്തിന്റെ ഈ രണ്ടു ഗുണവിശേഷങ്ങളെയും വേർതിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ പാഠസംരക്ഷണം എങ്ങനെ സാധിക്കാം എന്നതിന്റെ രീതിശാസ്ത്രം ഉരുത്തിരിയുകയുള്ളു. ഉള്ളടക്കമാണു് സംരക്ഷിക്കേണ്ടതു്; വിന്യാസമാവട്ടെ, കാലികവും, രുചിഭേദങ്ങളിലെ മാറ്റത്തിനു് അനുസൃതമായി/വിധേയമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണു്. അതുകൂടാതെ, വിന്യാസം നിലവിലെ സാങ്കേതികതയുമായും ഉപകരണങ്ങളുമായും പിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നതുമാണു്. ഉള്ളടക്കമാവട്ടെ കാലത്തിന്റെ ഒഴുക്കിൽപ്പെട്ടു മാറുന്ന ഒന്നല്ല, അതു് നിത്യവും നിതാന്തവുമത്രെ. അതുകൊണ്ടു് തനിമയുള്ള അക്ഷരങ്ങളോടൊപ്പം അതു് എന്നേയ്ക്കുമായി സൂക്ഷിക്കപ്പെടേണ്ടതാണു്. അങ്ങനെയൊരു സംരക്ഷണത്തിന്റെ രീതിശാസ്ത്രമാണു് റിവർവാലി പിന്തുടരുന്നതു്. (കൂടുതൽ വിവരങ്ങൾക്കു് ഈ കണ്ണി സന്ദർശിക്കുക.)

അച്ചടിപ്പതിപ്പും മറ്റു പ്രസാധകരും

റിവർ വാലി റെന്റലിൽ ഡിജിറ്റൽ പ്രസാധനം മാത്രമേ ഉൾപ്പെടുന്നുള്ളു. അച്ചടി രൂപത്തിൽ ഈ പുസ്തകങ്ങൾ ഏതു പ്രസാധകരുമായി ചേർന്നു പ്രസിദ്ധീകരിക്കാനുള്ള അവകാശം, സിനിമ, സീരിയൽ, തുടങ്ങിയ മാദ്ധ്യമങ്ങളിൽ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം എന്നിവ ഗ്രന്ഥകർത്താവിൽ തന്നെ എപ്പോഴും നിലനില്ക്കുന്നു.

മൂന്നു വർഷത്തെ റെന്റലിനു ശേഷം ഈ കൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രപ്രകാശനവ്യവസ്ഥകൾക്കു് അനുസൃതമായി പ്രസാധനം ചെയ്യാൻ എഴുത്തുകാർ തയ്യാറാവുകയാണെങ്കിൽ അതു് ഈ പദ്ധതി ഭാവിതലമുറക്കായി കൊടുക്കുന്ന ഏറ്റവും അമൂല്യമായ ഒരു സംഭാവനയായിരിക്കും എന്നു് റിവർ വാലി കരുതുന്നു. അതൊരിക്കലും തുടർന്നും ചെയ്യാവുന്ന അച്ചടിപ്പതിപ്പിന്റെ വില്പനയിലൂടെയുള്ള വരുമാനത്തെ ഇല്ലാതാക്കുന്നില്ല, മറിച്ചു് അതിനെ പരിപോഷിപ്പിക്കുന്നതായിട്ടാണു് അനുഭവം. എന്തായാലും അക്കാര്യം എഴുത്തുകാരുടെ പരിപൂർണ്ണ സ്വാതന്ത്ര്യത്തിനു വിടുകയാണു്.

വായനക്കാരുടെ ലോകം

ഈ ഡിജിറ്റൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ എഴുത്തുകാർക്കെന്നപോലെ വായനക്കാർക്കും തുല്യപങ്കാളിത്തമുണ്ടു്. ഇതിന്റെ വിജയാപജയങ്ങൾ നിർണ്ണയിക്കുന്നതും അവരാണു്. ഇവിടെ എഴുത്തുകാരും വായനക്കാരും പരസ്പരപൂരകങ്ങളാണു്. വലിയ സാമ്പത്തിക ഭാരമില്ലാതെ വായനക്കാർക്കു് ഏറ്റവും നിലവാരപ്പെട്ട ഉള്ളടക്കം വിവിധ ഉപകരണങ്ങളിൽ വായിക്കാൻ പാകത്തിനു കാലഘട്ടത്തിന്റെ സാങ്കേതികമികവോടെ എത്തിച്ചു കൊടുക്കുന്ന കൃത്യം മാത്രേമേ റിവർ വാലി നിർവ്വഹിക്കുന്നുള്ളു. സംഗീതം, സിനിമ, തുടങ്ങിയ ഡിജിറ്റൽ സേവനത്തിനു് ഇന്നു ഉപേഭാക്താക്കൾ പ്രതിമാസം നൽകുന്ന തുകയ്ക്കു് സമാനമായി കുറഞ്ഞ വിലയ്ക്കു് നാല്പതു പുസ്തകങ്ങൾ ഒരു കൊല്ലത്തേയ്ക്കു വായനക്കാർക്കു ലഭ്യമാവുന്നു എന്നതാണു് ഈ പദ്ധതിയുടെ സവിശേഷത.

വായനക്കാർ മുടക്കുന്ന തുകയുടെ (നിർമ്മാണ-​പ്രവർത്തനചെലവു് കഴിച്ചു്) അമ്പതു ശതമാനം എഴുത്തുകാർക്കുള്ളതാണു്. അവർക്കു് നേരിട്ടു് വില്പന വിവരങ്ങളറിയാനുള്ള സൗകര്യത്തോടുകൂടിയ സോഫ്റ്റ്വേറിന്റെ സഹായത്തോടെ ഈ പണം അവർക്കു ലഭിക്കുന്നു എന്നത് മറ്റൊരു സവിശേഷത. ഈ പദ്ധതിയുടെ സുതാര്യതയും സത്യസന്ധതയും പ്രൊഫഷണലിസവും വായനക്കാരുടെ സഹകരണവും ഒത്തുചേരുമ്പോൾ ഭാഷാപ്രസാധനരംഗം പുതിയ ചരിത്രം സൃഷ്ടിക്കുകയാണു്. ഇതിന്റെ സുരക്ഷയുടെയും വ്യാപനത്തിന്റെയും ഉത്തരവാദിത്വം ഓരോ വായനക്കാരനുമുണ്ടു്. കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും സുഹൃത്തുക്കൾക്കും സാമ്പത്തികഭാരം ഒട്ടുമില്ലാതെ മികച്ച വായനാലോകം സമ്മാനിക്കാൻ വായനക്കാരനു് അവസരം കിട്ടുന്നു. എന്തായാലും ഒരു ശരാശരി ഉപഭോക്താവിന്റെ പങ്കിലുപരി ഭാഷയെയും ഭാഷാസാങ്കേതികതയെയും നവീകരിക്കുന്ന, എഴുത്തുകാരെ ശക്തിപ്പെടുത്തുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയരുവാൻ റിവർ വാലി ഓരോ വായനക്കാരനും സാദ്ധ്യതയൊരുക്കുന്നു. ഇതിൽ സ്വയം പങ്കുചേരുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക.

കണ്ണികൾ

പ്രസാധനയം ഒന്നു്
പ്രസാധനയം രണ്ടു്
പ്രസാധനയം മൂന്നു്
പ്രസാധനയം നാലു്

Comments

  • ഇതു് ഇവിടെ പ്രസിദ്ധീകരിച്ചതു് ഉചിതമായി. വായനക്കാർ പ്രതികരിച്ചാൽ നന്നായിരുന്നു
Sign In or Register to comment.