പ്രസാധന നയം 3

cvrcvr
edited June 2021 in River Valley Press

പകർപ്പവകാശവും ഡിജിറ്റൽ പ്രസാധനവും

പ്രസാധന രംഗത്തു് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന പദമാണു് “പകർപ്പവകാശം”. അച്ചടി പതിപ്പിറക്കാനുള്ള കരാറിൽ ഒപ്പു വെയ്ക്കുന്നതോടുകൂടി പല എഴുത്തുകാരും കരുതുന്നതു് എല്ലാ അവകാശങ്ങളും പ്രസാധകനു് നല്കിക്കഴിഞ്ഞു എന്നാണു്. ഈയിടെ ഒരു പ്രമുഖ കവി ബിരുദവിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിൽ സ്വന്തം കവിത ഉൾക്കൊള്ളിക്കുന്നതിനു് ആദ്യം നൽകിയ സമ്മതം പ്രസാധകന്റെ ഭീഷണിയെത്തുടർന്നു് പിൻവലിച്ച സംഭവം പോലും ഉണ്ടായിരിക്കുന്നു. ഏറ്റവും കൂടുതൽ ബോധവൽക്കൃതസമൂഹമാണു് എഴുത്തുകാരുടേതു് എന്നതു് എത്ര കണ്ടു് ശരിയാണു് എന്ന സംശയം ജനിപ്പിക്കുന്നതാണു് പകർപ്പവകാശത്തെക്കുറിച്ചു് എഴുത്തുകാരുമായി സംസാരിച്ചാൽ നമുക്കുണ്ടാവുക.

എഴുത്തുകാർ ഒരു ഗ്രന്ഥരചന നടത്തിക്കഴിഞ്ഞാൽ സ്വാഭാവികമായിത്തന്നെ പകർപ്പവകാശം ഗ്രന്ഥകർത്താവിൽ നിക്ഷിപ്തമായിക്കഴിഞ്ഞു. അതു് ഒരു ഗ്രന്ഥകർത്താവിന്റെ ജന്മാവകാശമാണു്, ഗ്രന്ഥകർത്താവിന്റെ ജീവിതകാലം മുഴുവനും മരണാനന്തരം അറുപതു കൊല്ലക്കാലം പിന്തുടർച്ചക്കാരിലും ഈ അവകാശം നിലനിൽക്കുന്നു. ആ ഗ്രന്ഥം അച്ചടിച്ചു് വില്ക്കാൻ സമ്മതം നൽകിക്കൊണ്ടുള്ള കരാറിലേർപ്പെട്ടു എന്ന കാരണം കൊണ്ടു് അതൊരിക്കലും പ്രസാധകന്റേതാവുന്നില്ല. അങ്ങനെ വേണമെങ്കിൽ ഗ്രന്ഥകർത്താവു് സ്വന്തം ആസ്തി മറ്റൊരാൾക്കു് എഴുതിക്കൊടുക്കുന്നതുപോലെ പ്രസാധകനു് കൈമാറ്റം ചെയ്തുകൊണ്ടുള്ള പത്രത്തിൽ ഒപ്പിടണം. എന്നാൽ മാത്രമേ ഗ്രന്ഥത്തിന്റെ പകർപ്പവകാശം പ്രസാധകനു് കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ. പ്രസിദ്ധീകരണക്കരാറിൽ അതു് സംഭവിക്കുന്നില്ല, അതു് ഒരു നിശ്ചിത കാലയളവിലേയ്ക്കു് സ്വന്തം കൃതി അച്ചടിച്ചു് വില്ക്കാനുള്ള സമ്മതം മാത്രമാണു്.

ഇക്കാര്യം പ്രസാധകനു് അറിവില്ലാത്തതല്ല. എങ്കിലും മൂന്നു കൊല്ലത്തേയ്ക്കു അച്ചടിയ്ക്കും വില്പനയ്ക്കും മാത്രമേ കരാറിലേർപ്പെട്ടിട്ടുള്ളുവെങ്കിൽപ്പോലും ഇനിയങ്ങോട്ടു് പുസ്തകത്തെ സംബന്ധിച്ച ഏതു കാര്യത്തിലും അവസാനവാക്കു് പ്രസാധകനാണെന്നു് എഴുത്തുകാരിൽ മിഥ്യാ ബോധമുണ്ടാക്കുകയാണു് പ്രസാധകലോകം ഇപ്പോൾ ചെയ്യുന്നതു്. അതുമൂലം ഡിജിറ്റൽ പതിപ്പുകൾ അന്യഥാ പ്രസിദ്ധീകരിക്കുവാൻ ഗ്രന്ഥകർത്താവിനു് എല്ലാ അവകാശങ്ങളും ഉണ്ടെങ്കിലും പലരും ഇക്കാര്യത്തിനു മുതിരുന്നില്ലെന്നു മാത്രമല്ല, അങ്ങനെയൊരു പ്രവൃത്തി അവരെ ഭയപ്പെടുത്തുന്നു എന്ന മട്ടിലാണു് പല ഗ്രന്ഥകർത്താക്കളും സംഭാഷണങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതു്. പ്രസാധകരല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നതു്, മറിച്ചു് എഴുത്തുകാരാണു് പ്രസാധകരെ സൃഷ്ടിക്കുന്നതു് എന്ന അടിസ്ഥാനസത്യം പോലും നമ്മുടെ എഴുത്തുകാർ മറന്നുപോവുകയാണു്. അച്ചടി-​വിൽപ്പന-വിതരണ കരാറുകൾ ഒരു രാജ്യത്തിൽ മാത്രമായി പരിമിതപ്പെടുത്തുവാൻ കഴിയുമെന്നും വിവിധ രാജ്യങ്ങളിൽ വിവിധ പ്രസാധകരുമായി കരാറിലേർപ്പെടാൻ കഴിയുമെന്നും എത്ര എഴുത്തുകാർക്കറിയാം എന്നതും നമ്മൾ ചിന്തിക്കേണ്ടതാണു്.

കാര്യങ്ങൾ ഇങ്ങനെയിരിക്കെ, ഈയിടെയായി കണ്ടുവരുന്ന ഒരു കാര്യം അച്ചടി/വിൽപ്പന/വിതരണ കരാറിനോടൊപ്പം എല്ലാവിധ ഡിജിറ്റൽ പതിപ്പുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള സമ്മതം കൂടി ഗ്രന്ഥകർത്താക്കളിൽ നിന്നും പ്രസാധകർ വാങ്ങുന്നുണ്ടു്. പലപ്പോഴും വായിച്ചുനോക്കാതെ ഒപ്പിടുന്ന ശീലമുള്ള എഴുത്തുകാരാണു് ഇത്തരം കെണികളിൽ വീണുപോകുന്നതു്. ഈയിടെ വായിക്കാനിടയായ ഒരു കരാറിൽ വിചിത്രമായ ഒരു വ്യവസ്ഥ കണ്ടു. ഗ്രന്ഥകർത്താവു് ഒരു പുസ്തകത്തിന്റെ അച്ചടി-​വിതരണ-വില്പന കരാറിലേർപ്പെട്ടു കഴിഞ്ഞാൽ, ആ പതിപ്പിന്റെ പരിപൂർണ്ണമായി പരിഷ്ക്കരിച്ച ഒരു പതിപ്പു് ഗ്രന്ഥകർത്താവു് സൃഷ്ടിച്ചാൽ അതിന്റെ വിതരണാവകാശം സ്വാഭാവികമായി പ്രസാധകനാണു് എന്ന വ്യവസ്ഥയാണതു്. കൂടാതെ, പരിഷ്ക്കരിച്ച പതിപ്പിലെ ഉള്ളടക്കം വില്പനയ്ക്കു അനുകൂലമല്ല എന്നു് പ്രസാധകനു് തോന്നുകയാണെങ്കിൽ ആ പതിപ്പു് നിരാകരിക്കുവാനുള്ള സ്വാതന്ത്ര്യം പ്രസാധകനിൽ നിക്ഷിപ്തമാണു്. ഇതിനെക്കാൾ ഭീകരമായ മറ്റൊരു വ്യവസ്ഥ, ഒരു പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പിറക്കാൻ പ്രസാധകനു് തോന്നുകയും അതിനു ഗ്രന്ഥകർത്താവു വഴിപ്പെടുകയും ചെയ്തില്ലെങ്കിൽ, പ്രസാധകനു് മറ്റൊരാളെക്കൊണ്ടു് പരിഷ്ക്കരിച്ചു് പ്രസിദ്ധീകരിക്കുവാനുള്ള അവകാശം ഉണ്ടു് എന്നതത്രെ! സ്വന്തം കൃതിയിലെ ഉള്ളടക്കത്തിൽപ്പോലും ഗ്രന്ഥകർത്താവിനു് കർത്തൃത്വവും നിയന്ത്രണവും ഇല്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. ഇതൊക്കെ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും ലംഘനമല്ലേ എന്ന സംശയമുണ്ടു്. ഇതു വായിക്കുന്ന പല എഴുത്തുകാരും ഈ പറഞ്ഞ വ്യവസ്ഥകളടങ്ങുന്ന കരാറുകൾ ഒപ്പിട്ടുണ്ടാവും എന്നറിയുക. അപ്പോഴാണു് അഭ്യസ്തവിദ്യരായ ഗ്രന്ഥകർത്തൃസമൂഹം എന്തുമാത്രം ബലഹീനരാണെന്നും അവരെ ശാക്തീകരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും അതൊരു മുൻഗണനയർഹിക്കുന്ന പ്രവർത്തനപരിപാടിയായി സമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും നാം തിരിച്ചറിയുന്നതു്.

കണ്ണികൾ

പ്രസാധനയം ഒന്നു്
പ്രസാധനയം രണ്ടു്
പ്രസാധനയം മൂന്നു്
പ്രസാധനയം നാലു്
Sign In or Register to comment.