പ്രസാധന നയം 2

cvrcvr
edited June 2021 in River Valley Press

എഴുത്തുകാരുടെ ശാക്തീകരണം

ഗ്രന്ഥരചനയെയും വായനയെയും നിയന്ത്രിക്കുന്ന പരിപോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എഴുത്തുകാരന്റെ സർഗ്ഗശക്തിയാണു്. അതിന്റെ പ്രാഭവം വായനക്കാരിലെത്തിക്കുന്ന യാനപാത്രങ്ങൾ മാത്രമാണു് പ്രസാധകർ. പക്ഷെ, എഴുത്തുകാർ അസംഘടിതരായതു മൂലം അത്രമേൽ അംഗീകാരം കിട്ടാത്ത പല എഴുത്തുകാരും സ്വത്വബോധം നഷ്ടപ്പെട്ടു് പ്രസാധകർക്കു കാശുകൊടുത്തു് സ്വന്തം കൃതികൾ പ്രകാശിപ്പിക്കുന്ന ഗതികേടിലാണു്. പ്രധാനകാരണം നവപ്രസാധനരീതികളെക്കുറിച്ചു തീരെ അറിവില്ലാത്തതും അറിയാനുള്ള മനോഭാവമില്ലാത്തതും ആണു്. എഴുത്തുകാർ ഒരു ആത്മപരിശോധന നടത്തേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു.

എന്താണു് അവരെ പരിമിതപ്പെടുത്തുന്നതു്? ഒന്നുമില്ല എന്നതാണു് യാഥാർത്ഥ്യം. പണ്ടൊരു കാലത്തു് എഴുത്തുകാരനെയും വായനക്കാരനെയും ബന്ധിപ്പിക്കാൻ പ്രസാധകൻ എന്നൊരു വിഭാഗത്തിന്റെ ആവശ്യമുണ്ടായിരുന്നു. എന്തെന്നാൽ, പുസ്തകം അച്ചടിക്കണം, അവ യഥാവിധി സംരക്ഷിക്കണം, വായനക്കാരിലേയ്ക്കു തപാൽ മാർഗ്ഗമോ മറ്റു ഏജൻസികൾ മുഖേനയോ എത്തിക്കണം, എന്നു തുടങ്ങി പണച്ചെലവുള്ള കാര്യങ്ങളുണ്ടു്. ഇതിനൊക്കെ വേണ്ടിവരുന്ന ചെലവു വഹിച്ചു് അതിൽ ലാഭമുണ്ടാക്കാൻ പറ്റിയ വില പുസ്തകത്തിനു നിശ്ചയിച്ചു വിപണനം നടത്തുന്ന ഒരു വ്യവസായമായി മാറി പ്രസാധനം. ഗ്രന്ഥരചനയേക്കാൾ പ്രാധാന്യം ഗ്രന്ഥപ്രസാധനം നേടിയെടുത്തു.

ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ഇന്റർനെറ്റിന്റെയും പ്രചാരത്തോടുകൂടി വായനക്കാരനെയും എഴുത്തുകാരനെയും ബന്ധിക്കുന്ന ഒരു ഇടനിലക്കാരന്റെ ആവശ്യം ഇല്ലാതായി. ഇക്കാര്യം നമ്മുടെ എഴുത്തുകാർ ഇനിയും വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണു സത്യം. സി രാധാകൃഷ്ണൻ, ഇ ഹരികുമാർ തുടങ്ങിയ ചുരുക്കം എഴുത്തുകാരാണു് സ്വയം പ്രസാധനത്തിൽ ഇടപെട്ടു് വിജയിച്ചിട്ടുള്ളൂ. ഇ ഹരികുമാർ ആവട്ടെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സ്വയം ടൈപ്സെറ്റ് ചെയ്യുകയും വിവിധ ഡിജിറ്റൽ പതിപ്പുകൾ നിർമ്മിക്കുകയും ചെയ്തുകൊണ്ടു് ഈ കാലഘട്ടത്തിനു യോജിച്ച എഴുത്തുകാരന്റെ മാതൃക കാട്ടിക്കൊടുക്കുകയും ചെയ്തു.

ഇന്നത്തെ എഴുത്തുകാർക്കു് അവരുടെ ഉള്ളടക്കം അവർ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ അവരുടെ വായനക്കാർ ഇഷ്ടപ്പെടുന്ന ഡിജിറ്റൽ രൂപത്തിൽ വിന്യസിക്കുകയും ഇന്റർനെറ്റ് വഴി വായനക്കാരിലെത്തിയ്ക്കുകയും ചെയ്യാൻ വലിയ പ്രയാസമില്ലാത്തതാണു്. ഒരാൾക്കു് തനിയെ ചെയ്യാൻ ബുദ്ധിമുട്ടു തോന്നുകയാണെങ്കിൽ അഞ്ചോ പത്തോ എഴുത്തുകാർക്കു ചെറു ഡിജിറ്റൽ സംഘങ്ങൾ രൂപീകരിച്ചു വിപണി കീഴടക്കാവുന്നതേയുള്ളു. പ്രസാധകന്റെ ചൂഷണത്തിൽ നിന്നും വേഗം രക്ഷനേടാനും കഴിയും.
3ഡിജിറ്റൽ പ്രസാധനത്തിന്റെ സാമ്പത്തികശാസ്ത്രം

മുകളിൽ പറഞ്ഞ ഡിജിറ്റൽ കൂട്ടായ്മയുടെ ആശയമാണു് റിവർ വാലി പ്രസ് (റിവർവാലി) എന്ന സംരംഭത്തിലേയ്ക്കു നയിച്ചതു്. സാങ്കേതിക ഭീമനായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സംഗീതം വിൽക്കുന്ന രീതിയിൽ പുസ്തകങ്ങൾ ചെറു തുകയ്ക്കു വായനക്കാരിലെത്തിക്കാൻ എന്തുകൊണ്ടു് ഡിജിറ്റൽ റെന്റൽ എന്ന ആശയം നടപ്പിലാക്കിക്കൂടാ? അച്ചടി പുസ്തകങ്ങളെപ്പോലെ പകർപ്പുകളുണ്ടാക്കാൻ ഒരു ചെലവും ഡിജിറ്റൽ രൂപങ്ങൾക്കില്ല; അന്തരീക്ഷ ഈർപ്പത്തിൽ നിന്നും, എലി, ചിതൽ തുടങ്ങിയവയിൽ നിന്നും സംരക്ഷിക്കേണ്ടി വരുന്നില്ല; വായനക്കാർക്കു നേരിട്ടു് മിന്നൽ വേഗത്തിൽ അയച്ചുകൊടുക്കുവാൻ വളരെ തുച്ഛമായ ചെലവേയുള്ളു. ആകെ കാര്യമായുള്ള ചെലവു് പുസ്തകത്തിന്റെ പാഠനിവേശനം, തെറ്റുതിരുത്തൽ, കോപ്പി എഡിറ്റിങ്, ചിത്രീകരണം, ഫോർമറ്റിങ്, സംരക്ഷണ രൂപനിർമ്മിതി, ഡിജിറ്റൽ പതിപ്പു നിർമ്മിതി, അതിനുവേണ്ട സോഫ്റ്റ്വേർ സൌകര്യങ്ങൾ, നൈപുണ്യം എന്നിവയിൽ ഒതുങ്ങുന്നു. അതു് ഒരിക്കൽ മാത്രം ഉള്ള ചെലവാണു്. (ബാങ്ക് ചാർജ്, നികുതി എന്നീ രണ്ടിനങ്ങൾ കൂടി വാർഷികാടിസ്ഥാനത്തിൽ കണക്കിലെടുക്കേണ്ടിവരും.)

എഴുത്തുകാർ ഈ പദ്ധതിയ്ക്കു് അനുകൂലമായി ചിന്തിക്കുകയും ഉള്ളടക്കം ലഭ്യമാക്കാൻ തയ്യാറാവുകയും ചെയ്താൽ എത്രയും വേഗം ഡിജിറ്റൽ പതിപ്പുകൾ നിർമ്മിക്കുകയും വരിക്കാർക്കു് എത്തിക്കുകയും ചെയ്യാം. സോഫ്റ്റ്വേർ-​നിയന്ത്രിതമായി നടക്കുന്ന ഈ വിപണനത്തിൽ സാധാരണ പ്രസാധകർ ചെയ്യാത്ത ഒരു കാര്യം കൂടി റിവർവാലി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഈ വിപണന സോഫ്റ്റ്വേറിൽ എഴുത്തുകാർക്കു കൂടി അവരുടെ പുസ്തകങ്ങളുടെ വിപണനം നേരിട്ടു കാണാൻ സഹായിക്കുന്ന യൂസർ അക്കൗണ്ടുകൾ നൽകുക എന്നതത്രെ ഈ പുതിയ പരിപാടി. അതുമൂലം പുസ്തകങ്ങളുടെ ഉപഭോഗത്തെക്കുറിച്ചു് സുതാര്യമായ അറിവു എഴുത്തുകാർക്കു പരസഹായം കൂടാതെ എപ്പോഴും കിട്ടുന്നു. മൂന്നു് മാസം കൂടുമ്പോൾ എഴുത്തുകാരുടെ വരുമാനം കണക്കുകൂട്ടി നികുതി കഴിച്ചു് അവരുടെ ബാങ്കു് അക്കൗണ്ടുകളിലേയ്ക്കു് മാറ്റം ചെയ്യുക എന്നതാണു് അടുത്ത പരിപാടി. ഇതോടുകൂടി ഇന്നു് പ്രസിദ്ധീകരണവ്യവസായത്തിൽ രൂഢമൂലമായി നിലനിൽക്കുന്ന രഹസ്യസ്വഭാവം ഇല്ലാതാക്കി അങ്ങേയറ്റം സുതാര്യമായ പ്രസാധനരീതി പിന്തുടരുക എന്ന പ്രധാന ഉദ്ദേശ്യം നടന്നുകിട്ടുന്നു.

ഈ ഡിജിറ്റൽ റെന്റൽ പദ്ധതിയിൽ മൂന്നു് വിഭാഗം മനുഷ്യരാണു് ഒന്നിച്ചു കൂടുന്നതു്: (1) എഴുത്തുകാർ, (2) സാങ്കേതിക പ്രവർത്തകർ, (3) സംഘാടകർ. പുസ്തകനിർമ്മിതിയ്ക്കു വേണ്ടിവരുന്ന ചെലവു കഴിച്ചു് വരുമാനത്തിന്റെ ബാക്കി വരുന്ന തുക എഴുത്തുകാർക്കു് 50%, സാങ്കേതികപ്രവർത്തകർക്കു് 20%, സംഘാടകർക്കു് 30% എന്നീ നിരക്കിൽ വിഭജിക്കുകയും നികുതി കഴിച്ചുള്ള തുക ഓരോ മൂന്നു് മാസം കൂടുമ്പോൾ അതാതു അക്കൗണ്ടുകളിലേയ്ക്കു മാറ്റം ചെയ്യുകയും ചെയ്യുന്നു. ഇതാണു് വളരെ ലളിതമായി പറഞ്ഞാൽ റിവർവാലി-​യുടെ പ്രവർത്തന രീതി.

കണ്ണികൾ

പ്രസാധനയം ഒന്നു്
പ്രസാധനയം രണ്ടു്
പ്രസാധനയം മൂന്നു്
പ്രസാധനയം നാലു്

Sign In or Register to comment.