പ്രസാധന നയം 1

cvrcvr
edited June 2021 in River Valley Press

ഭാഷയും വായനയും നേരിടുന്ന പ്രശ്നങ്ങൾ

മലയാള ഭാഷയിലിറങ്ങുന്ന പുസ്തകങ്ങളുടെ വായനയിൽ ഇന്നു ഗണ്യമായ കുറവു വന്നിട്ടുണ്ടു് എന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണു്. കാരണങ്ങൾ പലതാണു്, അവയിൽ ചിലതു് താഴെക്കൊടുക്കുന്നു:
 1. ഇന്നത്തെ ജീവിതശൈലിക്കു് അനുയോജ്യമായ രീതിയിൽ പുസ്തകനിർമ്മാണ-​പ്രസിദ്ധീകരണ പദ്ധതി മാറിയില്ല.
 2. പഴകിദ്രവിച്ച വാണിജ്യ-​സാമ്പത്തിക ബന്ധങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസാധനരീതിയിൽ നിന്നു് മാറുവാൻ എഴുത്തുകാരും പ്രസാധകരും തയ്യാറാവുന്നില്ല.
 3. പ്രസിദ്ധീകരണത്തിനു നിയമാനുസൃതമായി വേണ്ട കരാറുകളെന്ന വ്യാജേന പകർപ്പവകാശക്കുടുക്കുകളിൽ പെടുത്തി സാമ്പത്തികലക്ഷ്യം മാത്രമുള്ള പ്രസാധകർ എഴുത്തുകാരെ ബുദ്ധിമുട്ടിലാക്കിയതിനാൽ കാലോചിതമായ വ്യതിയാനങ്ങൾ പ്രസാധക-​എഴുത്തുകാർ കൂട്ടുകെട്ടിൽ ഉണ്ടായില്ല. അതുമൂലം ഇന്നും പ്രസാധനലോകത്തെ ചൂഷണത്തിന്റെ ഒരു പര്യായമായിട്ടാണു് പല എഴുത്തുകാരും കാണുന്നതു്.
 4. ഡിജിറ്റൽ സാങ്കേതികതയുടെ വളർച്ച വിദേശരാജ്യങ്ങളിൽ എഴുത്തുകാരുടെ മോചനത്തിനു ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടു്. പല എഴുത്തുകാരും പ്രസാധകരെ ഉപേക്ഷിച്ചു സ്വയം പ്രസാധനത്തിന്റെ വഴി തേടി. പ്രസാധകരുടെ ജോലി ഇന്റർനെറ്റ് ഏറ്റെടുത്തു. ഇതു നമ്മുടെ ഭാഷയിൽ വിരളമായി മാത്രമേ സംഭവിച്ചുള്ളു.
 5. അച്ചടിപ്പതിപ്പിലൂന്നിയ പ്രസാധനം തുടരുവാനുള്ള പ്രധാന കാരണം എഴുത്തുകാർ ഒരിക്കലും പ്രസാധകരിൽ നിന്നും വിട്ടുപോകാതിരിക്കാനാണു്. അതു വളരെക്കാലം തുടരാനാവില്ല എന്നറിയാമെങ്കിലും കഴിയുന്നിടത്തോളം ആവാം എന്നതാണു് നമ്മുടെ പ്രസാധകരുടെ നിലപാടു്. അതുമൂലം നിലവാരം പുലർത്തുന്ന ഡിജിറ്റൽ പതിപ്പുകൾ ഭാഷാപുസ്തകങ്ങൾക്കു ഉണ്ടാവുന്നില്ല.
 6. മേന്മയുള്ള ഡിജിറ്റൽ പതിപ്പുകളുടെ അഭാവം ഡിജിറ്റൽ ഉപകരണങ്ങളുടെ പിടിയിലമർന്ന പുതിയ തലമുറയെ മലയാളവായനയിൽ നിന്നും അകറ്റി. പകരം അവരുടെ വായനോപകരണങ്ങൾക്കു പറ്റിയ പുസ്തകരൂപങ്ങൾ ആവശ്യത്തിലധികം ലഭ്യമായ ഇംഗ്ലീഷ് ഭാഷയിലേയ്ക്കു അവർ ചേക്കേറി. ഈ തലമുറയിൽപെട്ടവർ മിക്കവാറും ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയവരായിരുന്നു.
 7. കഴിഞ്ഞ രണ്ടുദശകങ്ങളിൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു സംഭവിച്ച അപഭ്രംശം മലയാളിയുടെ വായനയെ പിറകോട്ടടിച്ചിട്ടുണ്ടു്. ഗ്രാമീണ വായനശാലകളുടെ എണ്ണം ഇരട്ടിയായെങ്കിലും (8,300) ‘വായനക്കാരില്ലാത്ത വായനശാലകളാ’യതു മാറിയിരിക്കുന്നു. അച്ചടിച്ച പുസ്തകങ്ങളെപ്പോലെ ഡിജിറ്റൽ പുസ്തകങ്ങൾ വായനശാലകളിലെത്തിപ്പെട്ടാൽ മലയാളിയുടെ നഷ്ടപ്പെട്ട വായനയുടെയും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും പുനരുജ്ജീവനത്തിനത് വഴിതുറക്കും.
 8. ഈ അവസ്ഥ എഴുത്തുകാരുടെ റോയൽറ്റി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കി. കാരണങ്ങൾ പെരുപ്പിച്ചു കാണിക്കുകയും സത്യവിരുദ്ധമായ ചിത്രം അവതരിപ്പിക്കുകയും ചെയ്തുകൊണ്ടു പ്രസാധകർ എഴുത്തുകാരുടെ റോയൽറ്റി വീണ്ടും വെട്ടിക്കുറക്കുവാൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്തു.
 9. അന്തരിച്ചു പോയ, അവകാശികളില്ലാത്ത, എഴുത്തുകാരുടെ (വിക്ടർ ലീനസ്, എ. അയ്യപ്പൻ, ജോൺ ഏബ്രഹാം, പി കുഞ്ഞിരാമൻ നായർ (?), ജയനാരായണൻ തുടങ്ങിയവർ) പുസ്തകങ്ങൾ എന്നേയ്ക്കുമായി നഷ്ടപ്പെട്ട സ്ഥിതിയിലാണു്. അതിന്റെ പുനഃപ്രസിദ്ധീകരണം സാദ്ധ്യമാണോ?
 10. അന്തർദ്ധാനം ചെയ്ത/നിലച്ചുപോയ പ്രസാധകരുടെ പുസ്തകങ്ങൾ, പ്രത്യേകിച്ചു് അന്തരിച്ചുപോയ എഴുത്തുകാരുടെ പുസ്തകങ്ങൾ പലതും ഇന്നു് കിട്ടാനാവാത്ത അവസ്ഥയുണ്ടു്. ഉദാഹരണം, മംഗളോദയം പ്രസിദ്ധീകരിച്ച യുക്തിഭാഷ എന്ന അമൂല്യഗ്രന്ഥത്തിന്റെ ഒരു പ്രതിക്കായി വളരെയധികം പാടുപെടേണ്ടി വന്നു.
 11. വിപണിമൂല്യം കുറഞ്ഞ എന്നാൽ പാഠപുസ്തകങ്ങളിൽ സ്ഥാനം പിടിച്ച പല കൃതികളും കിട്ടാനില്ലാത്ത അവസ്ഥയുണ്ടു്. സ്വന്തം രചനകൾ വായനക്കാരിൽ നിന്നും അകന്നു നിൽക്കുന്ന ഒരു അപൂർവ്വ പ്രതിഭാസത്തിനു് വിധേയരായി എഴുത്തുകാർ നിസ്സഹായരാവുന്ന ദുഃസ്ഥിതിയുമുണ്ടു്.
 12. എഴുത്തുകാരും വായനക്കാരുമടങ്ങുന്ന ഈ സമൂഹം നൂറു ശതമാനം സാക്ഷരരും ഉദ്ബുദ്ധരുമാണു്. പക്ഷേ, ഇവർ പ്രസാധകരുടെ നിരന്തരചൂഷണത്തിനു യാതൊരു പ്രതിരോധവുമില്ലാതെ വിധേയരാവുകയാണു്.
 13. പ്രസാധകരെ സംബന്ധിച്ചിടത്തോളം എഴുത്തുകാർ വില കുറഞ്ഞതായി മാറിയതോടൊപ്പം തീരെ വിലയില്ലാത്തതായി അക്ഷരങ്ങൾ മാറി. ലെറ്റർപ്രസ്സിന്റെ കാലത്ത് ഈയത്തിന്റെ തൂക്കത്തിനനുസരിച്ചെങ്കിലും അക്ഷരങ്ങൾക്കു് വിലയുണ്ടായിരുന്നു!
 14. മറ്റൊരു വ്യവസായത്തിലും കാണാനാവാത്ത ഒരു അപൂർവ്വ പ്രതിഭാസം—എഴുത്തുകാരനു പത്തു ശതമാനം, വിതരണക്കാരനു അമ്പതു ശതമാനം!
മലയാളപ്രസാധനരംഗം ഇന്നു നേരിടുന്ന ചില പ്രശ്നങ്ങളാണിവ. മുമ്പൊരു കാലത്തു് ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായപ്പോഴാണു് എഴുത്തുകാരുടെ രക്ഷയ്ക്കായി സാഹിത്യപ്രവർത്തക സഹകരണസംഘം ആവിർഭവിച്ചതു്. അവരും പ്രാഭവം നഷ്ടപ്പെട്ടു് നിലനിൽക്കാൻ പാടുപെടുന്ന ഒരു സംഘമായി തരംതാഴുകയാണുണ്ടായതു്.

കണ്ണികൾ

പ്രസാധനയം ഒന്നു്
പ്രസാധനയം രണ്ടു്
പ്രസാധനയം മൂന്നു്
പ്രസാധനയം നാലു്

Sign In or Register to comment.